Section

malabari-logo-mobile

കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ

HIGHLIGHTS : Three National Awards for Kerala

തിരുവനന്തപുരം:സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്തൻ 3.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രിക്കുള്ള അവാർഡ് കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വർഷ കാലയളവിൽ ഏറ്റവും കൂടുതൽ എബി – പിഎം – ജെഎവൈ – കാസ്പ് കാർഡ് ലഭ്യമാക്കിയ പ്രധാൻമന്ത്രി ആരോഗ്യ മിത്രക്കുള്ള അവാർഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കൽ കോളേജിലെ എ. അശ്വതി സ്വന്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ രണ്ട് കോടി സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതിൽ 27.5 ലക്ഷം (മൊത്തം ചികിത്സയുടെ 13.66 ശതമാനം) സൗജന്യ ചികിത്സ ലഭ്യമാക്കിയത് കേരളത്തിൽ നിന്നുമാത്രമാണ്.

sameeksha-malabarinews

കാസ്പ് പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് (എസ്എച്ച്എ) രൂപം നൽകി. സംസ്ഥാന സർക്കാർ എസ്എച്ച്എയെ ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കാസ്പ് ഗുണഭോക്താവ് അല്ലാത്ത സർക്കാർ റഫർ ചെയ്ത കോവിഡ് രോഗികൾക്കും സ്വകാര്യ ആശുപത്രികളിൽ നിന്നും പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഈ ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയായി എസ്എച്ച്എ കേരളയെ തിരഞ്ഞെടുക്കാൻ കാരണമായത്.

മൂന്ന് വർഷത്തിൽ 27.5 ലക്ഷം സൗജന്യ ചികിത്സയാണ് ലഭ്യമാക്കിയത്. കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്) പദ്ധതി പ്രകാരം ലഭ്യമാക്കുന്ന സൗജന്യ ചികിത്സയുടെ മുഴുവൻ തുകയും കേരള സർക്കാരാണ് വഹിക്കുന്നത്. കാസ്പ് പദ്ധതി പ്രകാരം പ്രതിവർഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും കെബിഎഫ് പദ്ധതി പ്രകാരമാണെങ്കിൽ ആജീവനാന്തം 2 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമാണ് ലഭ്യമാകുന്നത്. കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള എല്ലാ കുടുംബങ്ങൾക്കും കെബിഎഫ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. നിലവിൽ കേരളത്തിൽ ഈ പദ്ധതികളുടെ ആനുകൂല്യം 192 സർക്കാർ ആശുപത്രികളിലും 569 സ്വകാര്യ ആശുപത്രികളിലും നൽകുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!