നിയമം പാലിച്ചു… വിഷുക്കണിക്കുള്ളത് മോട്ടോര്‍ വാഹന വകുപ്പ് നല്‍കി

തിരൂരങ്ങാടി: നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് പ്രോത്സാഹനമായി വിഷുകണി കിറ്റും സദ്യക്കുള്ള വിഭവങ്ങളും നല്‍കി തിരൂരങ്ങാടി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പുതിയ മാതൃക. നിരത്തില്‍ നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ അപകടത്തില്‍പെടാതെ കുടുംബത്തില്‍ തിരിച്ചെത്തുമെന്നുള്ള പൂര്‍ണ്ണ വിശ്വാസം കൊണ്ട് വിശേഷ ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാനുമാകണം. അതിനാണ് ഇത്തര വിഭവങ്ങള്‍ നല്‍കിയുള്ള പുതിയ ബോധവത്ക്കരണം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കനത്ത ചൂടും റമദാന്‍ നോമ്പും വിഷുവുമെല്ലാം നിരത്തില്‍ അപകട സാധ്യതയുള്ളതിനാല്‍ നിയമം പാലിക്കാന്‍ യാത്രക്കാര്‍ക്ക് പ്രചോദനമാകുന്നതിന് വേണ്ടിയുമാണ് ഇത്തരത്തിലുള്ള ബോധവല്‍ക്കരണങ്ങള്‍ നല്‍കുന്നത്. കണികൊന്ന, കണി വെള്ളരി, മാങ്ങ, പൈനാപ്പിള്‍, നാളികേരം, പട്ട്, പഴം, മറ്റു ഫ്രൂട്‌സുകള്‍ തുടങ്ങി വിഷുവിന് കണി കാണാനുള്ള വിവിധ വിഭവങ്ങളും, സദ്യക്കുള്ള അരി, പായസകിറ്റ്, പച്ചക്കറികള്‍ എന്നിവയാണ് നിയമം പാലിച്ചെത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥര്‍ സമ്മാനമായി നല്‍കിയത്.
തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എസ്.എ. ശങ്കരന്‍ പിള്ള, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.കെ പ്രമോദ് ശങ്കര്‍, പി.എച്ച് ബിജുമോന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ. സന്തോഷ് കുമാര്‍, വി.കെ. സജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കിപ്പറമ്പ്, കക്കാട്, കോട്ടക്കല്‍, ചേളാരി, പരപ്പനങ്ങാടി, എടരിക്കോട് തുടങ്ങി വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് സമ്മാനങ്ങള്‍ നല്‍കിയത്. റോഡില്‍ വാഹനാപകടങ്ങള്‍ കുറക്കുന്നതിന് വരും ദിവസങ്ങളിലും വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ എസ് എ ശങ്കരന്‍ പിള്ള പറഞ്ഞു.
കോവിഡില്‍ പ്രതിസന്ധിയിലായ നിരവധി വാഹന യാത്രക്കാര്‍ക്ക് സൗജന്യ വാഹന പുക പരിശോധനയും, വാഹനങ്ങളിലേക്ക് ആവശ്യമായ സാനിറ്റെസര്‍ മാസ്‌ക് എന്നിവ നല്‍കിയും സൗജന്യ ഹെല്‍മറ്റ് നല്‍കിയും തിരൂരങ്ങാടി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ ജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •