തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ തോണികളുമായി ഇറങ്ങിയ യുവാക്കള്‍ക്ക് തോണികള്‍ നിറയെ ലഭിച്ചത് മാലിന്യക്കൂമ്പാരങ്ങള്‍….. കടലുണ്ടിപ്പുഴ സംരക്ഷണസമിതിയും മൂന്നിയൂര്‍ ചുഴലി സാസ്‌കോ ഫൗണ്ടേഷനും ചേര്‍ന്നാണ് കടലുണ്ടിപ്പുഴയില്‍ തോണിയിലിറങ്ങി ശുചീകരണവും ബോധവത്ക്കരണപ്രവര്‍ത്തനങ്ങളും നടത്തിയത്.
കടലുണ്ടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ മാലിന്യങ്ങള്‍ പലയിടങ്ങളിലും കെട്ടിക്കിടന്ന് വെള്ളം മലിനമാകുന്നുണ്ട്. വെള്ളത്തിന് പലയിടങ്ങളിലും ദുര്‍ഗന്ധമുള്ളതായും കൊഴുപ്പ് നിറഞ്ഞ സ്ഥിതിയുള്ളതായും പ്രദേശവാസികള്‍ പറയുന്നു. പുഴയിലിറങ്ങി കുളിക്കുന്നതിനും അലക്കുന്നതിനും സാധ്യമാകാത്ത നിലയിലാണ് പലയിടങ്ങളിലും വെള്ളം മലിനമായിരിക്കുന്നത്. മണ്ണട്ടാംപാറ അണക്കെട്ടും കീരനല്ലൂര്‍ തടയണകളും അടച്ചിട്ടിരിക്കുന്നതിനാല്‍ കടലുണ്ടിപ്പുഴയിലെ വെള്ളം കടലിലേക്കൊഴുകാതെ കെട്ടിക്കിടക്കുകയാണ്.
കഴിഞ്ഞദിവസം പുഴയിലെ മീനുകള്‍ ചിലയിടങ്ങളില്‍ ചത്തുപൊങ്ങിയതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നത് പതിവായിരിക്കുന്നത് ആയിരക്കണക്കിന് ജനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. വാഹനങ്ങളിലെത്തുന്നവര്‍ രാത്രിയുടെ മറവില്‍ പുഴയോരങ്ങളില്‍ മാലിന്യം തള്ളുന്നതും പതിവാണ്. കടലുണ്ടിപ്പുഴയ്ക്ക് കുറുകെയുള്ള പാലങ്ങള്‍ക്ക് മുകളില്‍നിന്ന് മാലിന്യം വലിച്ചെറിയുന്നതിനാലും പുഴയില്‍ മാലിന്യങ്ങള്‍ നിറയുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമെ ഭക്ഷണഅവശിഷ്ടങ്ങളും ഇത്തരത്തില്‍ കടലുണ്ടിപ്പുഴയില്‍ തള്ളുന്നുണ്ട്. മൂന്നിയൂര്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, തിരൂരങ്ങാടി, നന്നമ്പ്ര തുടങ്ങീസ്ഥലങ്ങളിലെ കുടിവെള്ളപദ്ധതികള്‍ക്കും കൃഷിക്കും ഉപകരിക്കുന്ന കടലുണ്ടിപ്പുഴയിലെ വെള്ളം മലിനമാക്കുന്നത് തടയുന്നതിന് അടിയന്തിരനടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പുഴയില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കരയ്‌ക്കെത്തിച്ച് സംസ്‌ക്കരണത്തിനായി നല്‍കുകയാണ് ശനിയാഴ്ച മൂന്നിയൂരില്‍ പുഴയിലിറങ്ങിയ യുവാക്കള്‍ ചെയ്തിരിക്കുന്നത്. പുഴ സംരക്ഷണ യജ്ഞം സാസ്‌കോ ചുഴലി നിര്‍ദ്ദേശകസമിതിയംഗം അഷ്‌റഫ് കളത്തിങ്ങല്‍പാറ ഉദ്ഘാടനം ചെയ്തു. സി.എം. അലിഷാ, വി.പി. ചെറീത്, വി.പി. കമ്മുക്കുട്ടി, പി.പി. മജീദ്, ഹൈദ്രോസ്.കെ.ചുഴലി, പി.വി.പി. അബ്ദുല്‍ജബ്ബാര്‍, സി.എം. അബ്ദു, ഇഖ്ബാല്‍ ചുഴലി, സി. റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.




