കാടാമ്പുഴ ക്ഷേത്രത്തിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡയാലിസ് സെന്റര്‍ നാടിന് ഗുണം ചെയ്യും:മുഖ്യമന്ത്രി

മലപ്പുറം:ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന്റെ കീഴില്‍ തുടക്കം കുറിച്ച ഡയാലിസിസ് സെന്റര്‍ നാടിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാടാമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള ചാരിറ്റബിള്‍ ആശുപത്രിയുടെയും ചികിത്സാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുക. കാടാമ്പുഴ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. അവയവമാറ്റം അടക്കമുള്ള ചികിത്സക്ക് ഇന്നത്തെ കാലത്ത് വലിയ ചെലവ് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോഴിക്കോട് അവയവ മാറ്റത്തിനുള്ള സ്ഥാപനം തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിന്റെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ശ്രദ്ധിക്കുന്ന രീതിയിലാവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. എല്ലാ അവയവമാറ്റത്തിനും ഇവിടെ സൗകര്യമുണ്ടാവും. ദേശീയ തലത്തില്‍ പ്രശസ്തി നേടിയവര്‍ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുമായ എ.എസ് അജയകുമാറിനെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. കാടാമ്പുഴ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി. ബിനേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു

. മലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി നിര്‍വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ പി. നന്ദകുമാര്‍, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടന്‍, ഡോ. പീയൂസ് നമ്പൂതിരിപ്പാട് , കാടാമ്പുഴ ദേവസ്വം മാനേജര്‍ എന്‍ വി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top