അങ്കോള മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനുനായി മണ്ണിനടിയില്‍ തിരച്ചില്‍ തുടരുന്നു

HIGHLIGHTS : The search for lorry driver Arjun, who went missing in the Ankola landslide, will continue underground

ബെംഗളുരു: അങ്കോള മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനുനായി തിരച്ചില്‍ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം മഴ കുറഞ്ഞതോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. ലോറി ഗംഗാവലിപ്പുഴയിലേക്ക് വീണിരിക്കാമെന്ന സംശയത്തില്‍ നേവി നടത്തിയ തിരച്ചിലില്‍ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം. മലയിടിഞ്ഞ് വീണുള്ള മണ്ണിനടിയില്‍ വാഹനം കുടുങ്ങിയിട്ടുണ്ടോ എന്നതില്‍ ഇനി പരിശോധന നടത്തും. ജി.പി.എസ്. സിഗ്‌നല്‍ ലഭിച്ചിടത്ത് മെറ്റല്‍ ഡിക്ടറ്ററുകള്‍ എത്തിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. നാല് മണ്ണുമാന്തി യന്ത്രങ്ങളും, നാലഞ്ച് ടിപ്പര്‍ ലോറികളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. 

പന്‍വേല്‍- കൊച്ചി ദേശീയ പാതയില്‍ അങ്കോളയില്‍ ഒരു ചായക്കടയുടെ പരിസരത്താണ് അര്‍ജുന്റെ ലോറി നിര്‍ത്തിയിട്ടിരുന്നത്.
ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒരു ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇവിടെനിന്ന് മറ്റൊരു കൊച്ചുകുട്ടിയുടെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങളും ആശുപത്രയിലുണ്ട്.

കോഴിക്കോട് സ്വദേശിയാണ് അര്‍ജുന്‍. അര്‍ജുനെ കണ്ടെത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. വിഷയത്തില്‍ കര്‍ണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. എന്നാല്‍ അപകടം നടന്ന് നാല് ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമല്ലെന്നാണ് അര്‍ജുന്റെ കുടുംബം ആരോപിക്കുന്നത്. അര്‍ജുന്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തെരച്ചില്‍ മന്ദഗതിയിലായിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.

കോഴിക്കോട് മുക്കം സ്വദേശി അര്‍ജുനെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാതായിരിക്കുന്നത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍.  വാഹനത്തിന്റെ ജിപിഎസ് സിഗ്‌നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്നയിടത്താണ്. അര്‍ജുന്റെ ലോറിയുടെ എന്‍ജിന്‍ കഴിഞ്ഞദിവസം രാത്രി വരെ പ്രവര്‍ത്തിച്ചു എന്നാണ് ഭാരത് ബെന്‍സ് അധികൃതര്‍ കുടുംബത്തോട് പറഞ്ഞത്.   ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കര്‍ണാടകയിലെ രാംനഗറില്‍ നിന്ന് ലോഡുമായി അര്‍ജുന്‍ മലപ്പുറം എടവണ്ണയിലേക്ക് യാത്രതിരിച്ചത് . യാത്രയ്ക്കിടയില്‍ ഭാര്യയുമായി സംസാരിച്ചിരുന്നു.മണ്ണിനടിയില്‍ ലോറിയും അര്‍ജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!