നവീകരിച്ച നവചേതന- ജെട്ടി റോഡ് മന്ത്രി എ കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു

നവീകരിച്ച പുതിയനിരത്ത് നവചേതന- റെട്ടി റോഡ് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. മനോഹരവും കെട്ടുറപ്പുള്ളതുമായ രീതിയില്‍ റോഡ് പുനരുദ്ധരിച്ചതോടെ പ്രദേശവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജെട്ടിയില്‍ നിന്നുള്ള റോഡ് എലത്തൂരുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റോഡിന്റെ പുനരുദ്ധാരണം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പണം യാഥാസമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം അത് മറ്റു പൊതു ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

നവചേതന ലൈബ്രറിക്ക് വടക്കു ഭാഗത്തേക്കുള്ള യാത്ര സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്റെ ഫണ്ടില്‍ നിന്ന് 69.3 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പുനര്‍നിര്‍മിച്ചത്. വെങ്ങാലി ബോട്ട് ജെട്ടി പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് കായലിന് കുറുകെ നവചേതന ലൈബ്രറി റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന് 315 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണുള്ളത്. കായല്‍ പ്രദേശമായ 255 മീറ്റര്‍ മണ്‍റോഡ് ഉയര്‍ത്തി രണ്ട് മീറ്ററോളം ഉയരത്തില്‍ കരിങ്കല്‍ ഭിത്തിയും അതിനു മുകളില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റും നിര്‍മിച്ചാണ് റോഡ് പുതുക്കിപ്പണിതത്. കൂടാതെ വെള്ളം ഒഴുകിപ്പോവുന്നതിനായി രണ്ട് കള്‍വര്‍ട്ടുകളും ഇതിന്റെ ഭാഗമായി നിര്‍മിച്ചു.

ജെട്ടിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ ഒ പി ഷിജിന അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ വി കെ മോഹന്‍ദാസ്, കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി പി രമേശന്‍ (സിപിഐഎം), വി വി കാദര്‍ (ഐഎന്‍സി), സുരേഷ് കുമാര്‍ (എന്‍സിപി), ടി കെ ആസാദ് (ഐയുഎംഎല്‍), വിനോദ് പാലക്കല്‍ (സിപിഐ), ബാബു കീപ്പൊയില്‍ (ബിജെപി), റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളായ ഇ വി ജയദേവന്‍, സുരേഷ് ഡ്രീംസ്, വി ബാബുരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഇ സുനില്‍ കുമാര്‍ സ്വാഗതവും റോഡ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ഡേവിസണ്‍ നന്ദിയും പറഞ്ഞു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം എഞ്ചിനീയര്‍ വൈശാഖ് പത്മകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top