
തിരൂരങ്ങാടി: സബ് ആര്‍.ടി.ഓഫീസില്‍ നിന്നും തയ്യാറാക്കിയ വ്യാജ ആര്‍.സി ബുക്കിലെ ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആഴ്ച്ചകള്‍ക്ക് മുമ്പ് പരാതി നല്‍കിയിട്ടും കേസെടുക്കാതെയും കുറ്റക്കാരായ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതല്‍ തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസ് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചിരുന്നു. ഓഫീസറുടെ പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുമെന്ന തിരൂരങ്ങാടി എസ്.ഐയുടെ ഉറപ്പിന്മേലാണ് യൂത്ത്ലീഗ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ മാസം 24-നാണ് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. ഏഴ് വാഹനങ്ങളുടെ നമ്പര്‍ സഹിതം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാതെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമമായിരുന്നു നടന്നിരുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു .
പ്രതികള്‍ക്കെതിരെ ഐപിസിയിലെ 468-വ്യാജ രേഖ ചമക്കല്‍, 406-വിശ്വാസ വഞ്ചന, 471-ആള്‍മാറാട്ടം, 419-ചീറ്റിംഗ്, 34- സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ വ്യാജ രേഖ നിര്‍മ്മിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളതെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നത് വരെ പോരാട്ടം തുടരുമെന്നും തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




