Section

malabari-logo-mobile

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും

HIGHLIGHTS : The International Drama Festival will kick off on February 5

അന്താരാഷ്ട്ര നാടകോത്സവത്തിന് ഫെബ്രുവരി 5ന് തിരിതെളിയും. തൃശൂരില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഇറ്റ്‌ഫോക്ക് 2023 ഫെസ്റ്റിവല്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്. ഒന്നിക്കണം മാനവീകത എന്ന ആശയത്തിലാണ് ഫെസ്റ്റിവലിന്റെ അവതരണമെന്ന് സാംസ്‌കാരിക വകുപ്പ്മന്ത്രി വി.എന്‍. വാസവന്‍.

സമകാലിക ലോകനാടകങ്ങള്‍, സമകാലിക ഇന്ത്യന്‍ നാടകങ്ങള്‍, തിയേറ്റര്‍ കൊളേക്വിയം, പൊതുപ്രഭാഷണങ്ങള്‍, മ്യൂസിക് ക്രോസ് ഓവര്‍, സ്ട്രീറ്റ് ആര്‍ട്ട്, ഐഎഫ്ടിഎസ്, സ്‌ക്രീന്‍ ടൈം എന്നീ വിഭാഗങ്ങളിലായി ഇന്ത്യ സൗത്ത് ആഫ്രിക്ക, താഷ്‌ക്കന്റ്, ഉസ്ബക്കിസ്ഥാന്‍, ലെബനന്‍, പാലസ്തീന്‍, ഇസ്രായേല്‍, തായ്വാന്‍, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാടകങ്ങള്‍ വേദിയിലെത്തും.

അന്തരിച്ച പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് പീറ്റര്‍ ബ്രൂക്കിന്റെ ഷേക്‌സ്പീരിയന്‍ നാടകം ടെമ്പസ്റ്റ് മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഇന്ത്യയിലെ പ്രമുഖ നാടകപ്രവര്‍ത്തകന്‍ ഗിരീഷ് കര്‍ണാടിനുള്ള ശ്രദ്ധാഞ്ജലിയായി അദ്ദേഹത്തിന്റെ നാടകങ്ങളും അവതരിപ്പിക്കപ്പെടും.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറായ അനുരാധ കപൂര്‍, പ്രശസ്ത നാടക സംവിധായകനും ഡല്‍ഹി അംബേദ്ക്കര്‍ സ്‌കൂള്‍ ഓഫ് കള്‍ച്ചറിലെ പ്രൊഫസറുമാ ദീപന്‍ ശിവരാമന്‍, ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്സ്റ്റിയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് കമ്യൂണിക്കേഷനിലെ അധ്യാപകനായ പ്രൊഫ അനന്തകൃഷ്ണന്‍ എന്നിവരടങ്ങുന്നതാണ് നാടകങ്ങള്‍ തെരഞ്ഞെടുക്കുന്ന ഫെസ്റ്റിവല്‍ ഡയറക്ട്രേറ്റ് സമിതി. നാല് കോടിയോളം രൂപ ചെലവിട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ എത്തിതുടങ്ങിയിട്ടുണ്ട്. വിദേശ നാടകങ്ങള്‍ക്കു ലഭിക്കുന്ന അതെ പരിഗണന രാജ്യത്തിനുള്ളില്‍ നിന്നുള്ള നാടകങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും പാലിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ഇറ്റ്‌ഫോക്കിന്റെ മുന്നോടിയായി ജനുവരി 20 മുതല്‍ ലളിതകലാ അക്കാദമിയുമായി സഹകരിച്ച് തൃശൂരില്‍ സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 1 മുതല്‍ 5 വരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ തിയേറ്റര്‍ സ്‌കൂളുകളുടെ ഫെസ്റ്റിവല്‍ നടക്കുന്നുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി നാടക പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഒരു പോലെ പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് നാടകോത്സവം ക്രമീകരിക്കുന്നത്.

സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ഇറ്റ്‌ഫോക്ക് ഡയറക്ട്രേറ്റ് അംഗങ്ങളായ അനുരാധ കപൂര്‍, അനന്തകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍, കോ-ഓര്‍ഡിനേറ്റര്‍ ശശികുമാര്‍ വി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News