HIGHLIGHTS : The foundation stone of the Amrut Drinking Water Project was laid to solve the drinking water shortage in Parappanangadi Municipality.

പരപ്പനങ്ങാടി നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് വേണ്ടി 22 കോടി രൂപ ചെലവില്‍ പാലത്തിങ്ങല്‍ നിര്‍മ്മിക്കുന്ന ജലശുദ്ധീകരണ സംവിധാനത്തോട് കൂടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
പാലത്തിങ്ങലിലെ പദ്ധതി പ്രദേശത്ത് കെപിഎ മജീദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. എം പി അബ്ദുസമദ് സമദാനി എംപി യാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത്.

പരപ്പനങ്ങാടി നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം എത്തിക്കുന്നതിനായി കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സമഗ്ര കുടിവെള്ള പദ്ധതി പരപ്പനങ്ങാടി നഗരസഭ നടപ്പിലാക്കുന്നത്.
22 കോടി രൂപ ചെലവിലാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നഗരസഭയുടെ അധീനതയിലുള്ള പാലത്തിങ്ങലിലെ 60 സെന്റ് സ്ഥലത്ത് 90 ലക്ഷം ലിറ്റര്‍ പ്രതിദിനശേഷിയുള്ള ജലശുദ്ധീകരണശാല, 7 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി, 250 മീറ്റര്‍ നീളത്തില്‍ 400mm ഡിഎല്‍ റോ വാട്ടര്‍ പമ്പിങ് മെയിന്‍, ട്രാന്‍സ്ഫോമര്‍, പമ്പ് സെറ്റുകള്‍ എന്നിവയാണ് സ്ഥാപിക്കുന്നത്.
കൂടാതെ പരപ്പനങ്ങാടി നഗരസഭയിലുള്ള 3,000 ത്തോളം കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കണക്ഷനുകള്‍ നല്കുന്ന പ്രവര്‍ത്തിയും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാലത്തിങ്ങലില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ ഇന്‍ഫില്‍ട്രേഷന്‍ ഗാലറി കിണറും പമ്പ് ഹൗസും ഉപയോഗിച്ച് നഗരസഭയിലെ 700 ഓളം കുടുംബങ്ങള്‍ക്കും 250 ഓളം പൊതു ടാപ്പുകളിലും ശുദ്ധജല വിതരണം നടത്തുന്നുണ്ട്.
ഇതിനായി പാലത്തിങ്ങലില്‍ നിലവിലുള്ള കിണറും, പമ്പ് ഹൗസും അമൃത് പദ്ധതിയുടെ വാട്ടര്‍ സോഴ്സ് ആയി ഉപയോഗപ്പെടുത്തും.
അമൃത് പദ്ധതിയുടെ അഡീഷണല്‍ പ്രൊപ്പോസല്‍ ഉള്‍പ്പെടുത്തി തീരദേശ മേഖലകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ചാപ്പപ്പടിയിലെ ഫിഷറീസ് ഹോസ്പിറ്റലിന് സമീപം 15 ലക്ഷം ലിറ്റര്‍ വെള്ളം സംഭരണശേഷിയുള്ള ജലസംഭരണിയുടെ നിര്‍മ്മാണവും, 3000 പുതിയ ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കലും, ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കലും ഉള്‍പ്പെടെ 15 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്കുള്ള ഭരണാനുമതി ഉടന്‍ ലഭ്യമാകും.
പരപ്പനങ്ങാടി നഗരസഭയിലുടനീളം 150 കിലോമീറ്റര്‍ നീളത്തില്‍ പുതുതായി വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും, നിലവിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും, ശേഷിക്കുന്ന ആറായിരത്തോളം വീടുകളില്‍ ഗാര്‍ഹിക കണക്ഷന് നല്കുന്നതിനുമായി സര്‍വ്വേ പൂര്‍ത്തീകരിച്ച് 80 കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് പരപ്പനങ്ങാടി നഗരസഭയ്ക്ക് വേണ്ടി കേരള വാട്ടര്‍ അതോറിറ്റി തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് പൂര്‍ണ്ണമായും പരിഹാരം കാണാന്‍ സാധിക്കും. പാലത്തിങ്ങലില്‍ ആരംഭിക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായി എം പി അബ്ദുസമദ് സമദാനി അറിയിച്ചു.
പരപ്പനങ്ങാടി നഗരസഭ ചെയര്മാന് പി പി ഷാഹുല്‍ ഹമീദ് ചടങ്ങിന് സ്വാഗതം പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി പി എച്ച് സബ് ഡിവിഷന് പരപ്പനങ്ങാടി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അജ്മല്‍ കാലടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ബി.പി ഷാഹിദ. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ, സി നിസാര്‍ അഹമ്മദ്, സീനത്ത് ആലി ബാപ്പു, വി കെ സുഹ്റ ടീച്ചര്‍, ഖൈറുന്നിസാ താഹിര്‍, നഗരസഭ മുന്‍ ചെയര്മാന് എ ഉസ്മാന് സാഹിബ്, നഗരസഭ കൗണ്‍സിലര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിവിഷന് കൗണ്‍സിലര്‍ അസീസ് കൂളത്ത് ചടങ്ങിന് നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു