HIGHLIGHTS : The development meeting of Thanalur Grama Panchayat was remarkable by bringing development in all sectors to the people.
താനൂര്‍:സമഗ്ര മേഖലയിലെയും വികസനം ജനങ്ങളിലേക്ക് എത്തിച്ച് താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചറുടെ അധ്യക്ഷതയില്‍ കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വികസന സദസ്സുകള്‍ നാടിന്റെ സ്പന്ദനമാണ്. 2031ല്‍ പഞ്ചായത്ത് വികസനം ഏത് തലത്തില്‍ എത്തണം എന്നുള്ളത് മുഖവിലക്കെടുത്തു കൊണ്ടാണ് വികസന സദസ്സുകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.
വികസനം അടിത്തട്ടില്‍ നിന്നും ആരംഭിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാറിന്റെ വികസന ഫണ്ടില്‍ മൂന്നില്‍ ഒരു ഭാഗം വിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. വികസനം ജനങ്ങളോട് പങ്കുവയ്ക്കണം എന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തി കൂടിയാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. അധികാര വികേന്ദ്രീകരണം നടത്തുന്ന ഇന്ത്യയിലെ മികച്ച സംസ്ഥാനമാണ് കേരളം. എങ്കിലും അഴിമതിയുടെ പുഴുക്കുത്തുകള്‍ ഇവിടെയുമുണ്ട്, അത് തടയിടുന്നതില്‍ പൊതുജന സഹകരണം കൂടി അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി യു.ടി. സുരക്ഷിത വികസന രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുല്‍ റസാഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സതീശന്‍, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. സിനി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമീറ, മുന്‍ പഞ്ചായത്ത് സെക്രട്ടറി പ്രേമരാജന്‍, മറ്റു മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വികസന സദസ്സില്‍ ചര്‍ച്ചകള്‍, അനുമോദന സദസ്സുകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, പാനല്‍ പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയും നടന്നു.


