HIGHLIGHTS : The Center kicked out the Delhi Chief Minister from his residence
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ സിവില്‍ ലൈന്‍സിലെ ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്പര്‍ വസതിയില്‍നിന്ന് പുറത്താക്കി കേന്ദ്രസര്‍ക്കാരിന്റെ വിചിത്ര നടപടി. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളില്‍നിന്ന് അതിഷി വസതി ഏറ്റെടുത്ത മൂന്നാം നാളിലാണ് കേന്ദ്രപൊതുമരാമത്ത് വകുപ്പിന്റെ നടപടി.
ഔദ്യോഗികമായി വസതി അതിഷിക്ക് അനുവദിച്ചിട്ടില്ലെന്നാണ് വാദം. രാജ്യചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയെ കുടിയൊഴിപ്പിക്കുന്ന അസാധാരണ നടപടിയെന്നും ബിജെപിയുടെ ഉന്നത നേതാവിന് വസതി കൈമാറാനുള്ള ലഫ്റ്റനന്റ് ഗവര്‍ണറുടെ ശ്രമമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ലഫ്. ഗവര്‍ണര്‍ നിര്‍ദേശിച്ച പ്രകാരം അതിഷിയുടെ വീട്ടുസാധനങ്ങള്‍ ബലമായി നീക്കംചെയ്തു. ബുധനാഴ്ച രാവിലെ 11-.30-ന് എത്തിയ കേന്ദ്രപൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരാണ് ഉടന്‍ വസതി ഒഴിയാന്‍ ആവശ്യപ്പെട്ടത്. രണ്ടുമണിയോടെ താക്കോല്‍ വാങ്ങി മുദ്രവച്ചു. കെജ്രിവാള്‍ രാജിവച്ചതോടെ വസതി അതിഷിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കിയെങ്കിലും നടപടിയെടുത്തില്ല. മുഖ്യമന്ത്രിയായതുമുതല്‍ അരവിന്ദ് കെജ്രിവാള്‍ ഇവിടെയാണ് താമസിക്കുന്നതെങ്കിലും ഡല്‍ഹി ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ വസതിയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായി വിജ്ഞാപനം ചെയ്തിട്ടില്ല. വസതി പുതുക്കിപ്പണിതതില്‍ അഴിമതിയുണ്ടെന്ന പരാതി സിബിഐ അന്വേഷിക്കുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു