സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം വയനാടിന് നല്‍കി സഹോദരങ്ങള്‍

കോഴിക്കോട്:’സൈക്കിള്‍ ഇനിയും വാങ്ങാമല്ലോ. ഞങ്ങളെപ്പോലെയുള്ള എത്രയോ കുട്ടികളാണ് വയനാട്ടില്‍ പ്രയാസത്തിലുള്ളത്. അതുകൊണ്ട് ഈ പണം അവര്‍ക്കാണ് കൂടുതല്‍ ആവശ്യം,’ പറയുന്നത് പേരാമ്പ്ര എയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി വേദലക്ഷ്മി. വേദലക്ഷ്മിയും അതേ സ്‌കൂളില്‍ ഒന്നാം തരത്തില്‍ പഠിക്കുന്ന അനുജന്‍ അഭയുമാണ് സൈക്കിള്‍ വാങ്ങാനായി പണകുടുക്കയില്‍ സ്വരൂപ്പിച്ച പണം വയനാടിനായി സംഭാവന നല്‍കിയത്.

ഇവരുടെ പണകുടുക്കയിലെ 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി തിങ്കളാഴ്ച സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രധാനാധ്യാപകന്‍ പി പി മധുവിന് കൈമാറി. പള്ളിയത്ത് മലയില്‍ വിനുവിന്റെയും ശരണ്യയുടെയും മക്കളാണ് വേദലക്ഷ്മിയും അഭയും.

 

Share news
error: Content is protected !!
Scroll to Top