
കൊച്ചി: മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെ നടക്കും. ‘ഫോര്‍ ദി ടൈം’ എന്ന പേരിലാണ് ഇത്തവണത്തെ കലയുടെ മഹത്തായ ആഘോഷം. 110 ദിവസം നീളുന്ന ബിനാലെ ഇത്തവണയും ലോകമെങ്ങുമുള്ള ജനങ്ങളെ ആകര്‍ഷിക്കുന്നതായിരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്രയാണ് ക്യൂറേറ്റര്‍.
ഗോവ ആസ്ഥാനമായുള്ള കലാകാരന്മാരുടെ സംഘടന എച്ച്എച്ച് ആര്‍ട്ട് സ്പെയ്സസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റാണ് നിഖില്‍ ചോപ്ര. ഡ്രോയിങ്, ഫോട്ടോഗ്രാഫി, ശില്‍പം, ഇന്‍സ്റ്റാളേഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ മികവ് തെളിയിച്ച കലാകാരനാണ് നിഖില്‍. 2014 നും 2017 നും ഇടയില്‍ കൊച്ചി മുസിരിസ് ബിനാലെ, 12-ാമത് ഷാര്‍ജ ബിനാലെ, ഡോക്യുമെന്റ 14 എന്നിവയില്‍ അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ചര്‍ച്ചകള്‍, കലാ പ്രകടനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും ഇത്തവണത്തെ പ്രത്യേകതയാണ്. വിദ്യാര്‍ഥികളുടെ ബിനാലെ, കുട്ടികളുടെ കല, റെസിഡന്‍സി പ്രോഗ്രാം എന്നിവയുള്‍പ്പെടെയുള്ള പരിപാടികളും അന്താരാഷ്ട്ര പ്രദര്‍ശന വേദിയില്‍ അരങ്ങേറും.
ഏക കേന്ദ്രത്തിലെ പ്രദര്‍ശന പരിപാടി എന്നതിലുപരിയായി വിശാലമായൊരു കാഴ്ചപ്പാടിലാണ് ഇത്തവണത്തെ പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ വ്യക്തമാക്കി. വലിയ ചര്‍ച്ചകള്‍ക്കുള്ള വേദി കൂടിയാണ് ബിനാലെയെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു. പങ്കെടുക്കുന്ന കലാകാരന്‍മാരുടെ പട്ടിക ഒക്ടോബര്‍ പുറത്തിറക്കുമെന്നും കെബിഎഫ് അധികൃതര്‍ വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




