Section

malabari-logo-mobile

ലോക കേരളസഭയില്‍ പത്ത് പ്രമേയങ്ങള്‍;പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം

HIGHLIGHTS : Ten Resolutions in the Lok Kerala Sabha; Solidarity for the Palestinian People

തിരുവനന്തപുരം: വിഷയവൈവിധ്യം കൊണ്ടും നിലപാടുകളിലും വ്യത്യസ്തമായ പത്ത് പ്രമേയങ്ങള്‍ ലോക കേരള സഭ പാസാക്കി. ഗാസ അധിനിവേശത്തിനെതിരായി പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം ശ്രദ്ധേയമായി. മുപ്പത്താറായിരത്തോളം മനുഷ്യരെ കൂട്ടക്കുരുതി നടത്തിക്കഴിഞ്ഞ യുദ്ധത്തില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭാംഗം റജീന്‍ പുക്കുത്ത് പറഞ്ഞു. പാലസ്തീന്‍ എംബസി കൈമാറിയ കഫിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പലസ്തീന്‍ പതാക നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഏറ്റുവാങ്ങി.

സമഗ്രമായ കുടിയേറ്റ നിയമം പാസാക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന് കുവൈറ്റ് ദുരന്ത പശ്ചാത്തലത്തില്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ലോക കേരളസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴില്‍ സ്ഥലം, താമസം എന്നിവയും ഇമിഗ്രേഷന്‍ നിയമത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ സമഗ്രമായ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്ന പ്രമേയം ഉണ്ണിമായ ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചു.

sameeksha-malabarinews

പ്രവാസികളുടെ തൊഴില്‍ സുരക്ഷയ്ക്ക് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറാകണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഇ.കെ സലാം ആവശ്യപ്പെട്ടു. ഭാഷാ പരിമിതിയെ അതിജീവിച്ച് തൊഴില്‍മേഖലയിലെത്തുന്നവര്‍പോലും ഇമിഗ്രേഷന്‍ നടപടികളില്‍ കുരുങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഫെമ നിയമത്തിലും വിദേശ നാണയ കൈമാറ്റത്തിലും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന പ്രമേയവും അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന പ്രമേയം സജേഷ് അവതരിപ്പിച്ചു. സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പും ചൂഷണവും നിര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നിയമ സഹായത്തിനായി വിദേശ രാജ്യങ്ങളില്‍ ലീഗല്‍ അറ്റാഷെമാരെ നിയമിക്കണമെന്ന് ലോക കേരള സഭ പ്രമേയത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഖത്തറില്‍ നിന്നുള്ള പ്രതിനിധി സുനില്‍കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. നിമിഷ പ്രിയ, അബ്ദുള്‍ റഹ്‌മാന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇത് വലിയ സഹായമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി കേന്ദ്ര ഗവണ്‍മെന്റ് നല്‍കണമെന്ന പ്രമേയം ആര്‍.പി മുരളി സഭക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇതിന് ഇന്ത്യന്‍ എംബസികള്‍ എന്‍ ഒ സി നല്‍കാത്ത സാഹചര്യം പുന പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രവാസ സമൂഹവുമായുള്ള സാംസ്‌കാരിക വിനിമയത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് അബ്ദുള്‍ റഊഫ് പറഞ്ഞു. മലയാള ഭാഷ പ്രചരണത്തിനും സാഹിത്യ അക്കാദമി, ലളിത കല അക്കാദമി, ഫോക്ലോര്‍ അക്കാദമി എന്നിവയുടെ സാധ്യതകള്‍ ഉപയോഗിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഹാജരാക്കുന്ന വ്യക്തികള്‍ക്ക് പാസ്പോര്‍ട്ട് നേരിട്ടു നല്‍കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കണമെന്ന പ്രമേയം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അവതരിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!