താനൂര്‍:ശിശുദിനത്തിനോടാനുബന്ധിച്ചു മലപ്പുറം ജില്ലയിലെ താനൂര്‍ ശിശു സൗഹൃദ പോലീസ് സ്റ്റേഷനില്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി. ശിശു ദിനത്തോടനുബന്ധിച്ചു കുടുംബശ്രീ ജില്ലാ മിഷന്റെയും താനൂര്‍ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തില്‍ ബോധവത്കരണവും മോട്ടിവേഷന്‍ ക്ലാസും കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള ക്ലാസും കുട്ടികളുടെ കലാപരിപാടികളും നടന്നു.
കുട്ടികള്‍ക്ക് താനൂര്‍ പോലീസ് സമ്മാനങ്ങളും നല്‍കി . താനൂര്‍ ശിശു സൗഹൃദ ഓഫീസര്‍ സബ് ഇന്‍സ്പെക്ടര്‍ രാജു സ്വാഗതം പറഞ്ഞു .സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ് മോട്ടിവേഷന്‍ ക്ലാസും നിര്‍ഭയം അപ്ലിക്കേഷന്‍, ചിരി പ്രൊജക്റ്റ് എന്നിവ സംബന്ധിച്ച് കുട്ടികള്‍ക്കു ബോധവത്കരണം നല്‍കി.
താനൂര്‍ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പിങ്ക് പോലീസ് വനിതാ ഓഫീസര്‍ റീന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ചുള്ള ക്ലാസും നടത്തി.താനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി. പി ഷംസുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തി. സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ആരിഫ നന്ദി പറഞ്ഞു.




