
സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സി സെമിഫൈനലിൽ. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്സിയെ തകർത്താണ് മലപ്പുറം രാജകീയമായി സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഫോഴ്‌സ കൊച്ചിക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് മലപ്പുറം വിജയവും സെമി ബെർത്തും സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിന് യോഗ്യത നേടുന്ന നാലാമത്തെ ടീമായി മലപ്പുറം എഫ്സി മാറി.
ഹാട്രിക് നേടിയ ബ്രസീൽ താരം ജോൺ കെന്നഡിയാണ് മലപ്പുറത്തെ ആദ്യമായി സെമിയിലേക്ക് നയിച്ചത്. മലപ്പുറത്തിന് വേണ്ടി ഇഷാൻ പണ്ഡിതയും സ്കോർ ചെയ്തു. അഭിത്ത്, റൊമാരിയോ ജെസുരാജ് എന്നിവരാണ് കൊച്ചിക്ക് വേണ്ടി ഗോൾ നേടിയത്.
ലീഗ് റൗണ്ട് പൂർത്തിയാവുമ്പോൾ കാലിക്കറ്റ് എഫ്സി (23 പോയന്റ്), തൃശൂർ മാജിക് എഫ്സി (17), മലപ്പുറം എഫ്സി (14), കണ്ണൂർ വാരിയേഴ്‌സ് എഫ്സി (13) എന്നിവരാണ് സെമിയിൽ ഇടം നേടിയത്. തിരുവനന്തപുരം കൊമ്പൻസ് എഫ്സി (12), ഫോഴ്‌സ കൊച്ചി എഫ്സി (3) ടീമുകൾ പുറത്തായി.
ഞായറാഴ്ച (ഡിസംബർ 7) ഒന്നാം സെമിയിൽ തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ്സിയെയും ബുധനാഴ്ച്ച (ഡിസംബർ 10) രണ്ടാം സെമിയിൽ കാലിക്കറ്റ് എഫ്സി കണ്ണൂർ വാരിയേഴ്സിനെയും നേരിടും. ഒന്നാം സെമിക്ക് തൃശൂരും രണ്ടാം സെമിക്ക് കോഴിക്കോടുമാണ് വേദിയാവുക. ഗ്രാൻഡ് ഫൈനൽ ഡിസംബർ 14 ന് കോഴിക്കോട്ട് നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




