
2030 ആവുമ്പോഴേക്കും മനുഷ്യന് പകരം എ.ഐ. ജോലി ചെയ്യുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. കോട്ടക്കല്‍ നഗരസഭ ഖിസ്മത് ഫൗണ്ടേഷനുമായി സഹകരിച്ച് തുടക്കം കുറിച്ച എ.ഐ. സാക്ഷരത മിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കടന്നു വരാത്ത മേഖലകളില്ല. മരണപ്പെട്ടവരെ ജീവിപ്പിക്കാനും ഇല്ലാത്ത രൂപങ്ങള്‍ ഉണ്ടാക്കാനും സാധിക്കുന്ന, ഏതു വിവരവും വിരല്‍ത്തുമ്പിലറിയാന്‍ നമ്മെ സഹായിക്കുന്ന ഒന്നായി എ.ഐ. ടെക്‌നോളജി മാറി. എന്നാല്‍ ഒരേ സമയം ഗുണവും ദോഷവും എഐയ്ക്കുണ്ട്. ഇവ നല്‍കുന്ന വിവരങ്ങള്‍ എല്ലാം കൃത്യമാവണം എന്ന് ഉറപ്പില്ല. അതിനാല്‍ സമീപ ഭാവിയില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് എ.ഐ. ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയ്ക്കല്‍ അനശ്വര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ. ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷനായിരുന്നു. എ ഐ സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഉദ്ഘാടനം എം.പി. അബ്ദുസമദ് സമദാനി നിര്‍വഹിച്ചു. ഖിസ്മത്ത് ഫൗണ്ടേഷന്‍ സി.ഇ.ഒ കെ.എം. ഖലീല്‍ പദ്ധതി വിശദീകരിച്ചു. ബ്രിറ്റ് കോ ആന്‍ഡ് ബ്രിഡ് കോ എം.ഡി മുത്തു കോഴിച്ചെന മുഖ്യാതിഥിയായിരുന്നു. കോട്ടക്കല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ഹനീഷ, വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അലി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റസാഖ് ആലമ്പാട്ടില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. മറിയാമു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. അബ്ദു , കോട്ടക്കല്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ കബീര്‍ തയ്യില്‍, കെ.പി. അബൂബക്കര്‍ ഇന്ത്യനൂര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ ടെക്‌നോളജി വിസ്മയങ്ങളുടെ ആഘോഷമായി ജൂലൈ 25,26,27 തിയ്യതികളിലായി കോട്ടക്കല്‍ ഫാറൂഖ് കോളേജില്‍ നടക്കുന്ന ‘കോടെക് ഫെസ്റ്റ് 2025’ ന്റെ പ്രധാന ഇനമാണ് എ.ഐ. സാക്ഷരത മിഷന്‍. നഗരസഭയിലെ പ്രായം ചെന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവരെ ഏതെങ്കിലും ഒരു എ.ഐ. ടൂള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്ന രാജ്യത്തെ ആദ്യ ജനകീയ ടെക് ഫെസ്റ്റാണ് കോ ടെക്ക് ഫെസ്റ്റ് 2025. മൂന്ന് ദിവസങ്ങളിലും കോളേജിലെ ക്ലാസ്സ് മുറികളില്‍ പ്രായഭേദമന്യേ ആര്‍ക്കും വന്നിരുന്നു എ.ഐ പഠിക്കാന്‍ അവസരമുണ്ട്. സമ്പൂര്‍ണ്ണ എ.ഐ സാക്ഷരതയുള്ള ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റിയായി കോട്ടക്കലിനെ പ്രഖ്യാപിക്കലാണ് ലക്ഷ്യം. സ്‌കൂളുകള്‍,വാര്‍ഡ് സഭകള്‍, അംഗന്‍വാടികള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ ക്ളാസുകള്‍ സംഘടിപ്പിച്ചും വീടുകളില്‍ നേരിട്ട് വളന്റിയര്‍മാര്‍ എത്തിയും സാക്ഷരത പൂര്‍ത്തീകരിക്കും.
കോട്ടക്കല്‍ നഗരത്തിന്റെ ട്രാഫിക്, ജല മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തുന്ന ഗവേഷണ പരിപാടികള്‍ക്ക് ഫെസ്റ്റില്‍ തുടക്കമാകും. എംപിമാര്‍, എംഎല്‍എമാര്‍, ഐ.ഐ.ടി പ്രൊഫസര്‍മാര്‍, വിവിധ മേഖലകളിലെ വിദഗ്ദര്‍ പങ്കെടുക്കുന്ന വ്യത്യസ്ത പാനല്‍ ചര്‍ച്ചകളും സംവാദങ്ങളും നടക്കും. പ്രൊജക്റ്റ്, ഹാക്കത്തോണ്‍, ഐഡിയത്തോണ്‍ മത്സരങ്ങളും വിവിധ എക്‌സിബിഷനുകളും നടക്കുന്ന ഫെസ്റ്റില്‍ മൂന്നു രാത്രികളിലും മെഗാ മ്യൂസിക് ഇവന്റുകളും നടക്കും. കോട്ടക്കല്‍ ഫാറൂഖ് കോളേജ് ഹോസ്റ്റിങ് പാര്‍ട്ണറായ കോ ടെക് 2025 കുസാറ്റ് സര്‍വകലാശാല, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, തിരൂര്‍ എസ്.എസ്.എം പൊളിടെക്നിക് കോളേജ്, ഫെയ്ത് ഫൌണ്ടേഷന്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളും സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




