Section

malabari-logo-mobile

ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും:മന്ത്രി എം ബി രാജേഷ്

HIGHLIGHTS : Solid waste management project will be completed in time: Minister MB Rajesh

മാലിന്യമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമായി ഏറ്റെടുക്കുകയാണെന്നും സമയബന്ധിതമായി ഖരമാലിന്യ പരിപാലന പദ്ധതി സംസ്ഥാനം പൂര്‍ത്തിയാക്കുമെന്നും മന്ത്രി എം ബി രാജേഷ് ലോകബാങ്ക് സംഘത്തെ അറിയിച്ചു. ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളാ ഖരമാലിന്യ പരിപാലന പദ്ധതി (ഗടണങജ) പദ്ധതിയുടെ പുരോഗതി ലോകബാങ്ക് പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച ചെയ്തു. ഖരമാലിന്യ പരിപാലന രംഗത്തെ കേരളത്തിന്റെ ഇടപെടലുകളില്‍ സംതൃപ്തി അറിയിക്കുന്നതായും ,മാലിന്യ സംസ്‌കരണത്തില്‍ കേരളത്തിനുള്ള സഹായം തുടര്‍ന്നും ഉറപ്പാക്കുമെന്നും ലോകബാങ്ക് സംഘം വ്യക്തമാക്കി.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സമയബന്ധിതമായി കൈവരിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി ലോകബാങ്ക് സംഘത്തോട് പറഞ്ഞു. നവീനവും ഫലപ്രദവുമായ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ലോകബാങ്കില്‍ നിന്ന് തുടര്‍ന്നും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നഗരവികസന പദ്ധതികളില്‍ കേരള സര്‍ക്കാരുമായി സഹകരിക്കാനുള്ള സന്നദ്ധത സംഘം മന്ത്രിയെ അറിയിച്ചു. ലോകബാങ്ക് സംഘത്തലവനും സീനിയര്‍ അര്‍ബന്‍ എക്കണോമിസ്റ്റുമായ സിയു ജെറി ചെന്‍, സീനിയര്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് തിയറി മാര്‍ട്ടിന്‍, നഗരകാര്യ എഞ്ചിനീയറിംഗ് വിദഗ്ധന്‍ പൂനം അലുവാലിയ ഖാനിജോ, അര്‍ബന്‍ കണ്‍സള്‍ട്ടന്റ് റിദ്ദിമാന്‍ സാഹാ, തദ്ദേശ സ്വയം ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഗടണങജ ഡെപ്യൂട്ടി ഡയറക്ടര്‍ യു വി ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

sameeksha-malabarinews

ദക്ഷിണേഷ്യയിലെ തന്നെ ലോകബാങ്കിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ടുകളിലൊന്നാണ് കേരളത്തിലേത്. നഗരങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതും ആരോഗ്യപ്രദവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 30 കോടി ഡോളര്‍ (2300കോടി രൂപ) ചെലവഴിച്ച് 87 മുന്‍സിപ്പാലിറ്റികളിലും 6 കോര്‍പറേഷനുകളിലും ആറ് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 10.5 കോടി ഡോളര്‍ വീതം ലോകബാങ്കും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ടറല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കും നല്‍കും. ബാക്കി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ്. ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍, ക്ലീന്‍ കേരളാ കമ്പനി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2027 ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!