രണ്ട് കോടതി വെറുതെ വിട്ട കേസാണിത്,ശക്തമായ വാദവുമായി നിങ്ങള്‍ വരണം;ലാവ്‌ലിന്‍ കേസില്‍ സിബിഐയോട് സുപ്രീംകോടതി

ദില്ലി: എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസില്‍ രണ്ട് കോടതികള്‍ നേരത്തെ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്ന് സിബിഎയോട് സുപ്രീംകോടതി. കേസില്‍ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 16 ലേക്ക് മാറ്റി സുപ്രീംകോടതി.

സിബിഐക്ക് വേണ്ടി തുഷാര്‍ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹരീഷ് സാല്‍വെയും ഹാജരായി. അടിയന്തരപ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ഹാജരാകുമെന്നാണ് കരുതിയതെങ്കിലും തുഷാര്‍മേത്തയ്ക്ക് എതിരെ വാദിക്കാന്‍ ഹരീഷ് സാല്‍വെയാണ് എത്തിയത്. കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയിലെത്തിയത്. രണ്ട് തരം ഹരജികളാണ് കോടതിയുടെ പരിഗണനിയിലുണ്ടായിരുന്നത്. മൂന്ന് പ്രതികളെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയതാണ് ഒന്നാം അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദ് ചെയ്ത ഹൈക്കോടതിയെ ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ രണ്ടാം ഹരജികളും കോടതിയുടെ പരിഗണനയിലാണ്. കേസില്‍ ആരോപണ വിധേയരായ പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്‌ലിന്‍ കേസിന് കാരണമായത്.
കേസ് അന്വേഷിച്ച സിബിഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

Share news
error: Content is protected !!
Scroll to Top