തിരുവനന്തപുരം: സില്‍വര്‍ലൈനിന് പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സിപിഎം-ബിജെപി ഗൂഡാലോചനയെന്നും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ചിലര്‍ ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാര്‍ തന്നെയാണ് ഈ രണ്ടു സര്‍ക്കാരുകളെയും രണ്ടു പ്രസ്ഥാനങ്ങളെയും തമ്മില്‍ സില്‍വര്‍ ലൈനിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നത്. പൊലീസ് നടത്തിയ ക്രൂര ആക്രമണത്തിന് പിന്നില്‍ ഇതേ ഇടനിലക്കാരുണ്ടോയെന്ന് അന്വേഷിക്കണമെന്നും സതീശന്‍ ആരോപിച്ചു.
കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പുതിയതായി ഒന്നും പറയാനില്ലെന്നും അഴിമതി മാത്രമാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ജനങ്ങള്‍ക്കൊപ്പംനിന്ന് സമരംചെയ്യുമെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. ഡിപിആറില്‍ അവ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ട്. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ ഇതിന് ഇരകളാണ്. വിട്ടുകൊടുക്കുന്ന സ്ഥലത്തിന് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. ബഫര്‍ സോണിലുള്ളവര്‍ക്ക് ലഭിക്കില്ലെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി മാത്രമാണ് സില്‍വര്‍ലൈനിന് പിന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




