
കൊച്ചി: സിനിമ താരം ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍ഡിപിഎസ് ആക്ടിന്റെ സെക്ഷന്‍ 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഷൈന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കിയെന്നാണ് വിവരം. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നുമാണ് വിവരം.
നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ഷൈനിനെ ചോദ്യം ചെയ്തത്. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. ഷൈന്റെ ലഹരി ഉപയോഗം തെളിയിക്കാന്‍ നടന്റെ നഖവും മുടിയും ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും.




