പരപ്പനങ്ങാടിയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത കേസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ ഒന്നാം വര്‍ഷ ബി.എ സോഷ്യോളജി വിദ്യാര്‍ത്ഥിയായ കണ്ണമംഗലം എരണിപ്പടി നാലുകണ്ടത്തില്‍ വീട്ടില്‍ ഗോപിയുടെ മകന്‍ രാഹുലി(21)നെ റാഗ് ചെയ്ത കേസില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ എളാരം കടപ്പുറം കോട്ടില്‍ വീട്ടില്‍ മുഹമ്മദ് മിസ്ഹബ് (20 ),താനാളൂര്‍ ചുങ്കം മംഗലത്ത് വീട്ടില്‍ ഫാരിസ്( 22) എന്നിവരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികള്‍ പരപ്പനങ്ങാടി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വച്ച് തടഞ്ഞ് നിര്‍ത്തി മുഖത്ത് അടിക്കുകയും നിലത്തിട്ട് നെഞ്ചിനും കഴുത്തിനും ചവുട്ടികയും ചെയ്തതായാണ് കേസ്.സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ ഇന്ന് പുലര്‍ച്ചെ വീടുകളില്‍ നിന്നായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ പ്രതികളുടെ പേരില്‍ റാഗിംഗ് നിരോധന നിയമപ്രകാരവും 308 IPC പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവിലുള്ള വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് 7 വര്‍ഷം തടവുശിക്ഷ ലഭിക്കുന്നതാണ്. ചോദ്യം ചെയ്യലില്‍ പരാതിക്കാരനെ റാഗിങ്ങിന്റെ ഭാഗമായി ദേഹോപദ്രവം ചെയ്തതായി പ്രതികള്‍ സമ്മതിച്ചു.

പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാര്‍, എസ് ഐ രാധാകൃഷ്ണന്‍ പോലീസുകാരായ ആല്‍ബിന്‍ , ജിനേഷ്, സബറുദ്ദീന്‍, അഭിമന്യു, വിപിന്‍, സമ്മാസ് , സിന്ധുജ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. തിരൂര്‍ സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. റാഗിംഗ് നിരോധന നിയമമനുസരിച്ച് കേസില്‍ പ്രതിയായാല്‍ 3 വര്‍ഷത്തേക്ക് കുട്ടികളെ ഡീ ബാര്‍ ചെയ്യുന്നതാണ്. മറ്റുള്ള പ്രതികളെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി  സി ഐ ഹണി കെ.ദാസ് അറിയിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top