ശബരിമല: പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശനത്തിനായി ശബരിമല തീര്‍ഥാടകരാല്‍ നിറഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.15ന് നട തുറന്നു. ഒന്നര ലക്ഷത്തില്‍ അധികം ഭക്തര്‍ മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദര്‍ശിക്കാന്‍ 10 വ്യൂ പോയിന്റുകളാണുള്ളത്. അതേസമയം, മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മകരസംക്രമ പൂജ പുലര്‍ച്ചെ 2.45ന് നടന്നു. സൂര്യന്‍ ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയത്തായിരുന്നു പൂജ.
തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടര്‍ന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തര്‍ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്.
പകല്‍ ഒന്നിന് അടയ്ക്കുന്ന നട വൈകിട്ട് അഞ്ചിന് തുറക്കും. തിരുവാഭരണ ഘോഷയാത്രയെ 6.15ന് കൊടിമരച്ചുവട്ടില്‍ മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മെമ്പര്‍മാരായ എ അജികുമാര്‍, ജി സുന്ദരേശന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ശ്രീകോവിലിന് മുന്നില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങും. 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ മകരവിളക്ക് തെളിയിക്കും.
18 വരെ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ വിഗ്രഹം ദര്‍ശിക്കാം. 21ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയ ശേഷം ഹരിവരാസനം പാടി നടയടയ്ക്കും.
പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 1400 പോലീസുകാരെ ജില്ലയില്‍ വിവിധ ഭാഗത്ത് സുരക്ഷക്കായി നിയോഗിക്കും. പുല്ലുമേട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ഇത്തവണയുണ്ടാകും. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങള്‍ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




