HIGHLIGHTS : Rs 100 crore approved for historical tourism project from Iringal Craft Village to Beypore Port; Minister PA Muhammad Riyaz
കോഴിക്കോട്: ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് മുതല്‍ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂര്‍ തുറമുഖം വരെ ചരിത്രം ഓര്‍മപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പദ്ധതിയുടെ വിപുലമായ രൂപരേഖ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. വകുപ്പിന്റെ നിരന്തരമായ ഇടപെടലിലൂടെ പദ്ധതിക്ക് 100 കോടി രൂപ കേന്ദ്രം അനുവദിച്ചതായും മന്ത്രി പറഞ്ഞു. മലബാര്‍ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് റാവിസ് കടവില്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് ഇന്ധനമാകണം മര്‍ബാര്‍ ടൂറിസം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മലബാറിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ബിടുബി മീറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെയെത്തുന്ന വിനോദസഞ്ചാരികളില്‍ ആറ് ശതമാനം മാത്രമാണ് മലബാര്‍ മേഖലയിലേക്ക് എത്തുന്നതെന്നാണ് 2021 ലെ കണക്ക് കാണിച്ചത്. ഈ സ്ഥിതിയില്‍ മാറ്റം വരുത്തുകയായിരുന്നു വിനോദസഞ്ചാര വകുപ്പിന് മുന്നിലുള്ള ആദ്യ ദൗത്യമെന്നും മന്ത്രി പറഞ്ഞു. ഡെസ്റ്റിനേഷനുകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടൂറിസ്റ്റുകള്‍ക്ക് താമസ സൗകര്യമുള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനവും അവര്‍ക്ക് സുഖമമായി എത്തിച്ചേരുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത്. സര്‍ക്കാര്‍, സ്വകാര്യ, പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികള്‍ ഇതിനായി രൂപപ്പെടുത്തി. ഹോട്ടല്‍ വ്യവസായ ശൃംഖലയ്ക്ക് തടസ്സമാകുന്ന ചില പ്രതിസന്ധികള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പരിഹരിക്കാനായത് കാര്യങ്ങള്‍ വേഗത്തിലാക്കിയതായും മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. കാസര്‍കോഡ് ഉദുമ പഞ്ചായത്തില്‍ മൂന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരായ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകള്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്. റെസ്റ്റ് ഹൗസുകളില്‍ 2021-ല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത് മുതല്‍ ഇന്നുവരെ സംസ്ഥാനത്തെ153 റെസ്റ്റ് ഹൗസുകളില്‍ നിന്നായി 23 കോടിയുടെ അധിക ലാഭമാണ് സര്‍ക്കാരിനുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ വന്ന് താമസിക്കുന്നത് നാടിനെ സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധിയില്‍ എത്തിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയില്‍ പൊതു -സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023- ല്‍ സംഘടിപ്പിച്ച ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റി (ടിം) ന്റെ ഭാഗമായി കൈകൊണ്ട നടപടികളുടെ ഫലം ഈ വര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിമ്മിലൂടെ കൈക്കൊണ്ട നടപടികള്‍ 2030ഓടെ കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വലിയ കുതിപ്പിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു
മലബാറിന്റെ മുഖച്ഛായ മാറ്റാന്‍ ദേശീയപാത 66 കാരണമാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അതിവേഗത്തിലാണ് ദേശീയപാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 2025 ഡിസംബറോടെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റര്‍ ആറുവരി നിര്‍മാണം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ഒമ്പത് ജില്ലകളിലുടെ കടന്നുപോകുന്ന 600 കിലോമീറ്റര്‍ ദൂരത്തിലുള്ള തീരദേശ ഹൈവേ 50 കിലോമീറ്റര്‍ ഇടവിട്ട് കംഫര്‍ട്ട് സ്റ്റേഷനോടെയാണ് പണിയുന്നത്. റോഡിന്റെ ഡിസൈന്‍ തന്നെ അത്തരത്തിലാണ്. 13 ജില്ലകളിലൂടെ കടന്നുപോകുന്ന1200 കിലോമീറ്റര്‍ മലയോര ഹൈവേ കേരളത്തിന്റെ ടൂറിസം, കാര്‍ഷിക വികസന മേഖലകള്‍ക്ക് ശക്തി പകരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു. ഒഡേപെക് ചെയര്‍മാന്‍ അഡ്വ. കെ പി അനില്‍കുമാര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കെടിഐല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, ടൂറിസം വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡി ജഗദീഷ്, ബിആര്‍ഡിസി എം ഡി ഷിജിന്‍ പറമ്പത്ത്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, എപിഎസ് പ്രസിഡന്റ് സജീവ് കുറുപ്പ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി നിഖില്‍ദാസ്, റാവിസ് കടവ് ക്ലസ്റ്റര്‍ ജനറല്‍ മാനേജര്‍ ബിജു പാലറ്റ്, എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിദ്യാസാഗര്‍ പിംഗലായ്, അസോസിയേഷന്‍ ഓഫ് ഡൊമസ്റ്റിക് ടൂര്‍ ഓപ്പറേറ്റര്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് പി പി ഖന്ന, മെട്രോ എക്‌സ്‌പെഡിഷന്‍ മാനേജിംഗ് എഡിറ്റര്‍ ആന്‍ഡ് ഡയറക്ടര്‍ സിജി നായര്‍, ഒമാനില്‍ നിന്നുള്ള സാമൂഹിക മാധ്യമ ഇന്‍ഫ്‌ലുവന്‍സറായ മുഹമ്മദ് അല്‍ ബാലുഷി തുടങ്ങിയവര്‍ സംബന്ധിച്ചു.
*ടൂറിസം വകുപ്പ് മലബാര്‍ മേഖലയില്‍ സംഘടിപ്പിക്കുന്ന ആദ്യ ബിടുബി*
മലബാര്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ആദ്യ ബിടുബി മീറ്റാണ് കോഴിക്കോട് നടന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രാദേശിക സേവനദാതാക്കള്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 800 ഓളം പേരാണ് മീറ്റില്‍ പങ്കെടുത്തത്. മലബാര്‍ മേഖലയുമായി ബന്ധപ്പെട്ട പുതിയ ടൂറിസം സര്‍ക്യൂട്ടുകള്‍ രൂപപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മീറ്റില്‍ ഉടലെടുത്തു. മൂന്ന് വിഷയങ്ങളിലായി നടന്ന സെമിനാറിലെ ചര്‍ച്ചകളില്‍ 30ഓളം വിദഗ്ധര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
മലബാറിന്റെ പാരമ്പര്യം, ഐതിഹ്യം, സാഹസിക വിനോദങ്ങള്‍, ഭക്ഷണം, കല, പ്രാദേശികമായ തനത് മനോഹാരിതകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന സ്റ്റോളുകളും മീറ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മെട്രോ എക്‌സ്‌പെഡിഷന്റെ സഹകരണത്തോടെയാണ് മീറ്റ് സംഘടിപ്പിച്ചത്. മലബാര്‍ കേന്ദ്രീകരിച്ച് എല്ലാവര്‍ഷവും ബി ടു ബി മീറ്റ് സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.