മരണക്കെണിയായി റോഡുകള്‍

Untitled-1 copyകോട്ടക്കല്‍: ഉറ്റവരുടെ മനസ്സുകളില്‍ തീകോരിയിട്ട്‌ ജില്ലയിലെ നിരത്തുകള്‍ മരണകിടക്ക വിരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിലെ നിരത്തുകളില്‍ മാത്രം പൊലിഞ്ഞത്‌ 34 ജീവനുകളാണ്‌. ഇതില്‍ കൂടുതല്‍ പേര്‍ മരിച്ച അപകടം ശനിയാഴ്‌ച്ച പുലര്‍ച്ചെ പാലച്ചിറമാട്‌ വളവില്‍ നടന്ന അപകടത്തിലാണ്‌.തലശ്ശേരി സ്വദേശികളായ നാലു യുവാക്കളാണ്‌ ജില്ലയില്‍ അപകടങ്ങള്‍ക്ക്‌ കുപ്രസിദ്ധിയാര്‍ജ്ജിച്ച പാലച്ചിറമാട്‌ വളവില്‍ ദാരുണമായി മരണപ്പെട്ടത്‌. ട്രെയിലര്‍ ലോറി ഇന്നോവ കാറിനു മീതെ മറിഞ്ഞ അപകടത്തില്‍ മരിച്ചവരില്‍ മുന്നുപേരും സഹോദരങ്ങളാണ്‌ എന്നത്‌ കുടുതല്‍ കണ്ണീരണിയിക്കുന്നുണ്ട്‌. ഇവരില്‍ സഹോദരങ്ങളായ രണ്ടുപേരുടെ വിവാഹം നടന്നത്‌ രണ്ടുമാസം മുമ്പാണ്‌. തലശ്ശേരിയിലെ വീട്ടില്‍ നിന്ന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്‌ പോകുന്നതിനിടെയാണ്‌ അപകടം.

ജില്ലയില്‍ ഒരു മാസത്തിനുള്ളില്‍ മരണപ്പെട്ട 34 പേരില്‍ മിക്കവരും 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്‌. നാലു പെണ്‍കുട്ടികളും ഇതില്‍പെടും. മരണദൂതുമായി വന്നവരില്‍ കഴിഞ്ഞ മാസവും മുമ്പില്‍ ബൈക്ക്‌ തന്നെ. 11 പേരാണ്‌ വിവിധ ബൈക്കപകടങ്ങളിലായി ജില്ലയില്‍ മരിച്ചത്‌. ഓട്ടോറിക്ഷ, ബസ്‌,ലോറി, കാര്‍ എന്നിവയും അപകടത്തില്‍പെടുന്നുണ്ട്‌. വിവിധ അപകടങ്ങളിലായി പരിക്കേറ്റ്‌ ജില്ലയിലെ ആശുപത്രികളില്‍ കഴിയുന്നവരും ഏറെയാണ്‌. ജില്ലക്കു പുറത്തു നടന്ന വാഹനപകടത്തില്‍ രണ്ടു വളാഞ്ചേരി സ്വദേശികളായ യുവാക്കള്‍ മരിച്ച സംഭവവും ഒരു മാസത്തിനിടെ നടന്നിട്ടുണ്ട്‌.

ജില്ലയില്‍ അപകടങ്ങള്‍ക്ക്‌ കുപ്രസിദ്ധിയുള്ള പാലച്ചിറമാടും വളാഞ്ചേരി വട്ടപ്പാറയിലും അപകടം വിതക്കുന്നത്‌ കൂടുതലും ചരക്കുലോറികളാണ്‌. മിക്ക അപകടങ്ങളും നടക്കുന്നത്‌ രാത്രിസമയത്തും. അപകടവളവുകളില്‍ ബോധവത്‌ക്കരണത്തിനായി പല പദ്ധതികള്‍ ആവിഷ്‌ക്കരിച്ചെങ്കിലും ഇതൊന്നും വേണ്ടവിധത്തില്‍ ഉപകാരപ്പെട്ടില്ലന്നാണ്‌ തുടരുന്ന അപകടങ്ങള്‍ വെളിപ്പെടുത്തുന്നത്‌. കൃത്യം ഒരാഴ്‌ച്ചമുമ്പ്‌ വളാഞ്ചേരിയിലെ റോഡരികില്‍ സംസാരിച്ചു നിന്ന യുവാക്കള്‍ക്കിടയിലേക്ക്‌ ചരക്കുലോറി പാഞ്ഞുകയറി 18 വയസ്സുകാരായ മൂന്നു യുവാക്കളുടെ ജീവനാണ്‌ പൊലിഞ്ഞത്‌. ചൊവ്വാഴ്‌ച്ച രാവിലെ പുത്തനത്താണി ടൗണില്‍ ബസിനടിയില്‍ പെട്ട്‌ ആയുര്‍വേദ ഡോക്ടറായ യുവതിയും മരിച്ചിരുന്നു. വര്‍ധിക്കുന്ന അപകടങ്ങള്‍ക്ക്‌ മുഖ്യ കാരണം അശ്രദ്ധയാണെന്ന്‌ പറയുമ്പോഴും അമിതവേഗതക്കും മറ്റും നിയന്ത്രണമിടേണ്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈകൊള്ളുന്നില്ലന്ന പരാതി വ്യാപകമാണ്‌. പലപ്പോഴും വാഹന പരിശോധനകള്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമായി ഒതുങ്ങുകയാണ്‌.

Related Articles