ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതകം;പ്രതിക്ക് ജീവപര്യന്തം

HIGHLIGHTS : RG Kar Medical College rape and murder case; Accused gets life imprisonment

കൊല്‍ക്കത്ത : കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലില്‍ തുടരണം. 17 ലക്ഷം രൂപ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിന് നല്‍കണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന സിബിഐ വാദം കോടതി നിരാകരിച്ചു. പ്രതിയ്ക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ശിക്ഷാ വിധിയില്‍ ചൂണ്ടിക്കാണിച്ചു.

വിധി കേള്‍ക്കാന്‍ ഡോക്ടറുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. ആശുപതിയിലെ സുരക്ഷാജീവനക്കാരനായിരുന്നു പ്രതിയായ സഞ്ജയ് റോയ്.

sameeksha-malabarinews

പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു വിചാരണക്കോടതിയില്‍ സിബിഐയുടെ ആവശ്യം. ഏറ്റവും വലിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ ജീവപര്യന്തവും നല്‍കുമെന്ന് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മെഡിക്കല്‍ കോളേജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആരംഭിച്ച ഡോക്ടര്‍മാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളില്‍ ജോലി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരും സമരത്തിലായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!