ഖത്തറില്‍ തൊഴിലാളികള്‍ക്കായി സല്‍വ റോഡില്‍ പുതിയ പാര്‍പ്പിട നഗരം

ദോഹ: രാജ്യത്തെ തൊഴിലാളികള്‍ മാത്രമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ പാര്‍പ്പിടനഗരം നിര്‍മ്മിക്കുന്നു. ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് നിര്‍മ്മാണ പ്രവൃത്തി നടത്തുക. 129.5 കോടി റിയാല്‍ ചിലവഴിച്ച് നിര്‍മ്മിക്കാനൊരുങ്ങുന്ന ഈ സിറ്റിയുടെ നിര്‍മ്മാണ കരാറില്‍ ബര്‍വ സിഇ ഒ സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ മുഹന്നദിയും ഇന്‍ഷാ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍താനിയും ഒപ്പിട്ടു.

ബര്‍വ ടവേഴ്‌സ് മില്ലേനിയം പ്ലാസ ഹോട്ടലില്‍ നിടന്ന ചടങ്ങില്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രി ഡോ.ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി അല്‍ നുഐമി, പരിസ്ഥതി നഗരസഭ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, മന്ത്രാലയം പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

9,94,567 ചതുരശ്രമീറ്ററിലാണ് സല്‍വ റോഡിലെ ലേബര്‍ സിറ്റി പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ഇവിടെ 3170 പാര്‍പ്പിട യൂണിറ്റുകളാണ് പണികഴിപ്പിക്കാനിരിക്കുന്നത്. ഓരോന്നിലും എട്ടുമറികള്‍, എട്ട് ശൗചാലയങ്ങള്‍, ഒരു അടുക്കള എന്നിവ വീതമായിരിക്കും ഉണ്ടായിരിക്കുക. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനുപുറമെ ചെറിയ വാണിജ്യ ശാലകള്‍, പള്ളി, 25 വൈദ്യുതി സബ്‌സ്റ്റേഷന്‍, ആഭ്യന്തരറോഡുകള്‍, പോര്‍ട്ടബിള്‍ വെള്ളം, ജലസേചനം, മലിനജലശൃംഖല, നിരീക്ഷണ ക്യാമറകള്‍, ബസുകള്‍, പാര്‍ക്കിങ് സ്ഥലം തുടങ്ങയിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

പരമ്പരാഗത അറബ് ശൈലില്‍ നിര്‍മ്മിക്കുന്ന ഈ വീടുകളില്‍ സ്വകാര്യ നടുമുറ്റവും ഉണ്ടായിരിക്കും. ഈ പദ്ധതി നടപ്പിലാക്കാനായി 11,79,117 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് പ്ലോട്ടുകളാണ് ബര്‍വ നഗരസഭയില്‍ നിന്നും വാടകയ്ക്ക് എടുത്തിരിക്കുന്നത്. വ്യവസായ മേഖലയിലെ ബര്‍വ അല്‍ ബരാഹ തൊഴിലാളി പാര്‍പ്പിടസമുച്ചയത്തിന് ശേഷം ബര്‍വ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ലേബര്‍ സിറ്റിയാണ് സല്‍വാ റോഡിലേത്.

രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം മികച്ചതാക്കാനുള്ള സര്‍ക്കാര്‍ കൈക്കൊണ്ടുപോരുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഉയര്‍ന്നുപൊങ്ങാനിരിക്കുന്ന ഈ പുതിയ ലേബര്‍ സിറ്റി.

Related Articles