Section

malabari-logo-mobile

പരിശോധിച്ചത് 98 ഷവര്‍മ കടകള്‍; വില്ലന്‍ നിരോധിത രീതിയിലെ മയോണൈസ് നിര്‍മാണം: 23 കടകള്‍ക്ക് നോട്ടീസ്, 5 കടകള്‍ക്ക് പിഴ

HIGHLIGHTS : Prohibited method of making mayonnaise: 23 shops issued notice, 5 shawarma shops fined

കോഴിക്കോട്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് ജില്ലയില്‍ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളില്‍. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി നടത്തിയ ഈ പരിശോധനകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മൂന്ന് കടകള്‍ അടച്ചുപൂട്ടുകയും 23 കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന് പുറമെ അഞ്ച് കടകള്‍ക്ക് പിഴ ചുമത്തി.

ജില്ലയില്‍ ഷവര്‍മ കടകളിലെ പ്രധാന പ്രശ്‌നം മയോണൈസിന്റെ തെറ്റായ നിര്‍മാണ രീതിയാണെന്ന് അധികൃതര്‍ പറയുന്നു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോള്‍ രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാര്‍ഗ്ഗം തേടുന്നത്. പാസ്ചറൈസ് ചെയ്ത മുട്ട (പച്ചമുട്ട മൂന്ന് മുതല്‍ 3.5 മിനിറ്റ് നേരം വരെ 60-65 ഡിഗ്രി ചൂടുവെള്ളത്തില്‍ ഇട്ടുവെക്കുന്നത്) ഉപയോഗിച്ചാണ് ഷവര്‍മ നിര്‍മിക്കേണ്ടത്. ഷവര്‍മ ഉണ്ടാക്കുന്നവരുടെ മെഡിക്കല്‍ ഫിറ്റ്‌നസും നിയമം കര്‍ശനമായി നിര്‍ദേശിക്കുന്നു.

sameeksha-malabarinews

ഷവര്‍മ പാര്‍സലായി നല്‍കുന്ന വേളയില്‍ ഒരു മണിക്കൂറിനകം ഉപയോഗിക്കണം എന്നുള്ള ലേബല്‍ പതിച്ചായിരിക്കണം നല്‍കേണ്ടത്. ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയില്‍ ശ്രദ്ധിക്കുന്നത്.

ഷവര്‍മ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ട പ്രത്യേക നിര്‍ദേശങ്ങള്‍ക്ക് പുറമെ കടകള്‍ പൊതുവായി പാലിക്കേണ്ട ശുചിത്വ സംബന്ധമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നതും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.

പരിശോധനകള്‍ ഇനിയും തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. ഭക്ഷണ കാര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ജില്ലയായതിനാല്‍ തന്നെ കോഴിക്കോട് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ കോഴിക്കോട് നഗരത്തിലാണ് കൂടുതല്‍ ഷവര്‍മ കടകള്‍ പ്രവര്‍ത്തിക്കുന്നത്.

വടകരയിലെ ജിഞ്ചര്‍ കഫേ, കോഴിക്കോട് സൗത്ത് പാലാഴി റോഡിലെ ഹൗസ് ഓഫ് ഫലൂദ, നടക്കാവിലെ ഈ ദുനിയാവ് എന്നിവയാണ് ലൈസന്‍സ് ഇല്ലാത്തത് കാരണം അടപ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!