പ്രിയ നല്‍കിയത് 1.33 ലക്ഷം വാക്‌സിന്‍; സേവനത്തിന് ദേശീയാംഗീകാരം

തിരുവന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മികച്ച വനിതാ വാക്‌സിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരം പ്രിയയെ കേടിയെത്തുന്നത്. ഗ്രേഡ് വണ്‍ വനിതാ വാക്‌സിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരമാണ് പ്രിയയെ തേടിയെത്തിയത്. 488 സെഷനുകളിലായി 1,33,161 ഡോസ് വാക്‌സിനുകളാണ് പ്രിയ ഇതുവരെ നല്‍കിയത്.

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ച 2021 ജനുവരി 19 മുതല്‍ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് പ്രിയയ്ക്ക് ഡ്യൂട്ടി. നൂറ് മുതല്‍ ആയിരം വരെ കുത്തിവയ്പുകള്‍ നല്‍കിയ ദിവസങ്ങളുണ്ട്. ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയപ്പോള്‍, സെന്റ് ജോസഫ് സ്‌കൂളില്‍ തയ്യാറാക്കിയ കേന്ദ്രത്തിലായിരുന്നു സേവനം. ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും പ്രിയയെ രോഗം ബാധിച്ചിട്ടില്ല.

2006-ല്‍ ഡി.എം.ഒ. നിയമനമായാണ് ജനറല്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2008-ല്‍ പി.എസ്.സി. നിയമനം ലഭിച്ചു. മലയിന്‍കീഴ് കരിപ്പൂര്‍ ഡ്രീം കാസിലില്‍ ഭര്‍ത്താവ് സുന്ദര്‍സിങ്ങിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി മന്‍സൂക്ക് മാണ്ഡവ്യയില്‍ നിന്ന് പ്രിയ പുരസ്‌കാരം സ്വീകരിക്കും.

Share news
error: Content is protected !!
Scroll to Top