പൊന്നാനി മിനി വൈദ്യുതി ഭവനത്തിന്റെ കെട്ടിട നിര്‍മാണോദ്ഘാടനം ഓണ്‍ലൈന്‍ വഴി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. പൊന്നാനി നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ കെട്ടിടത്തിന്റെ ശിലാഫലകം സ്ഥാപനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.
പുതിയ കെട്ടിടം വരുന്നതോടെ പൊന്നാനി കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിന് വാടക കെട്ടിടത്തില്‍ നിന്ന് മോചനമാകും. രണ്ട് കോടി അന്‍പത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പൊന്നാനി സബ്സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പുതിയ കെട്ടിടം ഒരുക്കുന്നത്.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി, ഈഴുവത്തിരുത്തി സെക്ഷന്‍ ഓഫീസ്, പൊന്നാനി സബ് ഡിവിഷന്‍ ഓഫീസ്, പൊന്നാനി ഡിവിഷന്‍ ഓഫീസ് എന്നീ നാല് ഓഫീസുകളാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക. നിര്‍മാണോദ്ഘാടന ചടങ്ങില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




