പൊന്നാനി പൊന്നാനിയിലെ വിവിധ മത്സ്യ സ്റ്റാളുകളില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുക്കുകയും വൃത്തിഹീനമായ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടുകയും ചെയ്തു. കൊല്ലന്‍പടിയില്‍ നിന്ന് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 70 കിലോ ഓളം വരുന്ന മത്സ്യമാണ് സ്‌ക്വാഡ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഇറച്ചികടകളിലും പരിശോധന ശക്തമാക്കി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഇറച്ചികടകള്‍ അടച്ചുപൂട്ടി. ചമ്രവട്ടം ഫിഷ് സ്റ്റാള്‍, ബിയ്യം കെ. എസ്.ആര്‍.ടിസി റോഡ്, ഐശ്വര്യ തിയേറ്റര്‍ റോഡ് എന്നിവിടങ്ങളില്‍ നിന്നും ആള്‍കൂട്ടം ഒഴിവാക്കുന്നതിനായി ഷോപ്പുകള്‍ താത്ക്കാലികമായി അടച്ചിട്ടു.
പൊന്നാനിയിലെ റോഡരികുകളും നടപ്പാതകളും കയ്യേറി വില്‍പന നടത്തിയ വില്‍പ്പന സാമഗ്രികളും ത്രാസുകളും സ്‌ക്വാഡ് പിടിച്ചെടുത്തു.
നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉദയകുമാര്‍, ശ്രീവിദ്യ, ഷബീര്‍, ഷിനി, സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.




