പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രാത്രി കാല ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും;സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

പൊന്നാനി:ആരോഗ്യ മേഖല രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്ന പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണം കൂട്ടുവാന്‍ തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സംസ്ഥാനത്ത് രാത്രി ഒ.പി സംവിധാനമുള്ള ഏക ആശുപത്രി കൂടിയായ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ക്യൂവിന് പകരം പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച പേഷ്യന്റ് മാനേജ്‌മെന്റ് സിസ്റ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ അഞ്ച് പ്രാഥമിക ആരോഗ്യയ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. ഡോക്ടര്‍മാരും ആശുപത്രിയിലെ മറ്റു ജീവനക്കാരും രോഗികളോട് എപ്പോഴും സൗമ്യമായി ഇടപഴകണമെന്നും രോഗികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇനി മുതല്‍ ആശുപത്രിയില്‍ രാത്രി എട്ട് മണി വരെ ഫാര്‍മസി സൗകര്യം ഉണ്ടാകുമെന്നും ആശുപത്രിയില്‍ മോണിറ്ററിംങ് കമ്മിറ്റി രൂപികരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. നഗരസഭ അനുവദിച്ച 40 ലക്ഷം ചെലവഴിച്ച് ഡി എം ആര്‍ സി യുടെ നേതൃത്വത്തിലാണ് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം നടപ്പിലാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി അനുവദിച്ച 90 ലക്ഷം ചെലവഴിച്ച് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഡിപിആര്‍ സമര്‍പ്പണവും സ്പീക്കര്‍ ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

പേഷ്യന്റ് മനേജ്‌മെന്റ് സിസ്റ്റം, പുതിയ ഒപി ടിക്കറ്റ് കൗണ്ടര്‍ നിര്‍മാണം, ആംബുലന്‍സ് ഷെഡ്ഡ് , രോഗികള്‍ക്ക് മഴയും വെയിലും കൊള്ളാതെ ഇരിക്കുന്നതിനുള്ള മേല്‍ക്കൂര നിര്‍മാണം, ഒ പി യുടെയും കാഷ്വാലിറ്റിയുടെയും നവീകരണ പ്രവര്‍ത്തനം, ആശുപത്രി കോമ്പൗണ്ട് ടൈല്‍ വിരിക്കല്‍, വാട്ടര്‍ കൂളര്‍, പവര്‍ ലോട്രി, പൂന്തോട്ടം തുടങ്ങിയവയുടെ നിര്‍മാണം എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. ചടങ്ങില്‍ സ്പീക്കര്‍ ഡി.എം.ആര്‍.സി എഞ്ചിനീയര്‍മാരായ വേണുഗോപാല്‍, ഗോപാലകൃഷ്ണന്‍ എന്നിവരെ അനുമോദിച്ചു.

പൊന്നാനി നഗരസഭ ചെയര്‍മാനായ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ അഷ്‌റഫ് പറമ്പില്‍ വി.രമാദേവി ഷണ്‍മുഖന്‍, ഡോ.ഷാജ് കുമാര്‍, ഒ.ഒ. ഷംസു, ടി. മുഹമ്മദ് ബഷീര്‍ , എ.കെ ജബ്ബാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles