പൈലറ്റ് പദ്ധതി ; കാലി മദ്യബോട്ടിലിന് പണം, മദ്യം പേപ്പറിൽ പൊതിഞ്ഞ് നൽകില്ല പകരം തുണിസഞ്ചി

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യബോട്ടിലുകൾ തിരിച്ചുകൊടുത്താൽ 20 രൂപ ലഭിക്കുന്ന പദ്ധതിക്ക് ബുധനാഴ്ച തുടക്കമാകും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 10 വീതം ബെവ്കോ വിൽപ്പനശാലകളിലാണ് ബുധനാഴ്ച മുതൽ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതെന്ന് ബിവറേജസ് കോർപ്പറേഷൻ എംഡി ഹർഷിത അട്ടല്ലൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിൽപ്പനശാലകളിൽനിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് മദ്യബോട്ടിലുകളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിക്കും. മദ്യവിലയ്ക്ക് പുറമേ 20 രൂപ ഡിപ്പോസിറ്റ് തുകയായി ഈടാക്കും. ബില്ലിന് പുറമെയാണ് 20 രൂപയുടെ രസീത് നൽകുക. വിൽപ്പനശാലയിൽത്തന്നെ ബോട്ടിൽ തിരിച്ചെത്തിക്കുമ്പോൾ ഈ തുക മടക്കി നൽകും.

ഉപയോഗശേഷമുള്ള വിൽപ്പനശാലയിലെ ബോട്ടിൽ പ്രത്യേക കൗണ്ടറിൽ നൽകാം. ബോട്ടിലിൽ സ്റ്റിക്കർ ഉണ്ടാകണം. സ്റ്റിക്കർ പതിപ്പിക്കാനും ബോട്ടിൽ ശേഖരിക്കാനും കുടുംബശ്രീയുടെ സഹായം തേടും. സി ഡിറ്റ് ആണ് സ്റ്റിക്കർ തയ്യാറാക്കി നൽകുക. വിൽപ്പനശാലകളിൽ ബോട്ടിലുകൾ അവിടെ നിന്ന് ക്ലീൻ കേരള കമ്പനി ശേഖരിക്കും. 20 വിൽപ്പനശാലവഴി ഒരു മാസം വിൽക്കുന്ന 30 ലക്ഷം മദ്യ ബോട്ടിലുകളിൽ 80 ശതമാനവും പ്ലാസ്റ്റിക് ആണ്. പൈലറ്റ് പദ്ധതി നിരീക്ഷിച്ചശേഷം സംസ്ഥാനത്തെ മുഴുവൻ ബെവ്കോ വിൽപ്പനശാലകളിലേക്കും വ്യാപിപ്പിക്കും.

ഒക്ടോബർ ഒന്നുമുതൽ വിൽപ്പനശാലകളിൽ നിന്ന് മദ്യം പേപ്പറിൽ പൊതിഞ്ഞുനൽകില്ല. പകരം തുണിസഞ്ചി നൽകും. ശേഖരിക്കുന്ന സഞ്ചിക്ക് 15 രൂപ ഈടാക്കും. ബെവ്കോ ആപ്പ് അവസാന ഘട്ടത്തിലാണന്നും നിലവിൽ വരുന്നതോടെ ക്യൂ നിൽക്കാതെ ഓൺലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങാം. നാലിടത്തുകൂടി സുപ്പർ പ്രീമിയം വിൽപ്പനശാലകൾ തുറക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top