ഭിന്നശേഷിക്കാരെ സമഭാവനയോടെ കാണാന്‍ സാധിക്കണം: മന്ത്രി പി എ മുഹമ്മദ് റിയാസ്

സഹതാപത്തോടെയല്ല, സമഭാവനയോടെയാണ് ഭിന്നശേഷി സുഹൃത്തുക്കളെ കാണേണ്ടതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ ഹൈ ടൈഡ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിയുടെ ഭാഗമായുള്ള യു.ഡി.ഐ.ഡി കാര്‍ഡ് വിതരണത്തിന്റെയും ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ ക്യാമ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ ബേപ്പൂര്‍ മണ്ഡലത്തിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും യു.ഡി.ഐ.ഡി കാര്‍ഡും വിതരണം ചെയ്തുവെന്ന് ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിന് ശക്തമായ നിയമങ്ങളും സര്‍ക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രത്യേകം പദ്ധതികളും നിലവിലുണ്ട്. ഭിന്നശേഷി സുഹൃത്തുകള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും ലഭിക്കുന്നുണ്ട് എന്നത് ഉറപ്പു വരുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നമ്മുടെ പൊതുഇടങ്ങളും സ്ഥാപനങ്ങളും റോഡുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളുമെല്ലാം ഭിന്നശേഷി സൗഹൃദമാകണം. ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകണമെന്നും മന്ത്രി പറഞ്ഞു. കടലുണ്ടിക്കടവിനു സമീപത്തുള്ള ഹോപ്പ്‌ഷോര്‍ ഭിന്നശേഷി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കടലുണ്ടി ഗ്രാപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു.

ഭിന്നശേഷി സൗഹൃദ മണ്ഡലം പദ്ധതിയുടെ ഭാഗമായി യു.ഡി.ഐ.ഡി കാര്‍ഡിനുള്ള 827 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 250 ഓളം പേരാണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമുള്ളവര്‍. ഇവര്‍ക്കുള്ള പരിശോധന ക്യാമ്പുകള്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലായി സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ട ക്യാമ്പ് കടലുണ്ടിയില്‍ നടന്നത്. സി.ആര്‍.സി കോഴിക്കോട്, സര്‍വശിക്ഷാ കേരളം, കോഴിക്കോട് എന്നീ സ്ഥാപനങ്ങളുടെയും മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെയും സഹകരണത്തോടെയാണ് ബേപ്പൂര്‍ ഹൈ ടൈഡ് പദ്ധതി നടപ്പാക്കുന്നത്.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചര്‍, ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ സി അബ്ദുറസാഖ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുരളി മുണ്ടേങ്ങാട്, വാര്‍ഡ് മെമ്പര്‍ ജിത്തു കക്കാട്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ സബീന ബീഗം എസ്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം, സി ആര്‍ സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, ബേപ്പൂര്‍ ഡെവലപ്മെന്റ് മിഷന്‍ പ്രതിനിധി രാധാ ഗോപി, മെഡിക്കല്‍ ബോര്‍ഡ് ഡോക്ടര്‍മാരായ സുജിത്ത്, സന്ദേശ് പി ടി, അബ്ദുല്‍ റസാക്ക്, ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top