മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇനി ‘പരിവാഹന്‍’ സോഫ്റ്റ്വെയറിലൂടെ

മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ വാഹന വിവരങ്ങളും കേന്ദ്രീകൃത സോഫ്റ്റ്വെയറായ പരിവാഹനിലേക്കു മാറ്റുന്നു. നിലവില്‍ ഉപയോഗിക്കുന്ന സ്മാര്‍ട് മൂവില്‍ നിന്ന് 1.25

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ വാഹന വിവരങ്ങളും കേന്ദ്രീകൃത സോഫ്റ്റ്വെയറായ പരിവാഹനിലേക്കു മാറ്റുന്നു. നിലവില്‍ ഉപയോഗിക്കുന്ന സ്മാര്‍ട് മൂവില്‍ നിന്ന് 1.25 കോടിയിലധികം വാഹനങ്ങളുടെ വിവരങ്ങളാണ് പുതിയ സോഫ്റ്റ്വെയറിലേക്കു മാറ്റുന്നത്. ഇങ്ങനെ മാറ്റിയ വാഹന ഉടമകള്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും പരിവാഹനിലൂടെ മാത്രമെ ലഭ്യമാവൂ എന്ന് മലപ്പുറം റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അനൂപ് വര്‍ക്കി അറിയിച്ചു.

പുതിയ സോഫ്റ്റ്വെയറിലേക്കു മാറ്റുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ parivahan.gov.in എന്ന വെബ്സൈറ്റിലും mparivahan.gov.in എന്ന മൊബൈല്‍ ആപ്പിലും, ഡിജിലോക്കറിലും ലഭ്യമാവും. ഉള്‍പ്പെടുത്തിയ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ബന്ധപ്പെട്ട റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെയോ ജോയിന്റ് ആര്‍.ടി.ഒ.യെയോ രേഖാമൂലം അറിയിക്കണം. പരിവാഹന്‍ സോഫ്റ്റ്വെയര്‍ വഴി സേവനങ്ങള്‍ ലഭ്യമാവാന്‍ വാഹന ഉടമകള്‍ സ്വന്തം മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം. മറ്റുള്ളവരുടെ പേരിലുള്ള മൊബൈല്‍ നമ്പര്‍ ചേര്‍ക്കാന്‍ പാടില്ല. സേവനങ്ങള്‍ക്ക് ഓണ്‍ലൈനിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഫീസ്, നികുതി എന്നിവ അടക്കേണ്ടതും ഓണ്‍ലൈനായാണ്. ഇതിനായി നെറ്റ് ബാങ്കിങ്, കാര്‍ഡ് പേയ്മെന്റ്, മൊബൈല്‍ പേയ്മെന്റ് സൗകര്യങ്ങള്‍ പരിവാഹന്‍ സോഫ്റ്റ്വെയറില്‍ ലഭ്യമാണ്.
പുതിയ സോഫറ്റ്വെയറുപയോഗിച്ച് ആദ്യ തവണ നികുതി അടക്കുമ്പോള്‍ നികുതി കാലയളവിലോ തുകയിലോ വ്യത്യാസമുണ്ടായാല്‍ ഓഫീസുമായി ബന്ധപ്പെടണം.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരിക്കല്‍ പരിഹരിച്ചാല്‍ പിന്നീട് ആവര്‍ത്തിക്കാത്ത വിധത്തിലാണ് സോഫ്റ്റ്വെയര്‍ ഒരുക്കിയിരിക്കുന്നത്. നാല് അക്കങ്ങളില്‍ കുറവു വരുന്ന വാഹന രജിസ്റ്റര്‍ നമ്പറുകളില്‍ നാലക്ക നമ്പറാവാന്‍ ആവശ്യമായത്ര പൂജ്യങ്ങള്‍കൂടി ചേര്‍ത്താവണം നല്‍കേണ്ടത്. പരിവാഹന്‍ ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ചുള്ള കൈപ്പുസ്തകം മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റായ mv–d.kerala.gov.in ല്‍ ലഭ്യമാണ്.

ഘട്ടം ഘട്ടമായാണ് സോഫ്റ്റ്വെയറില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നത്. മുഴുവന്‍ രജിസ്ട്രേഷന്‍ സീരീസിലും ഒന്നു മുതല്‍ 500 വരെ നമ്പര്‍ വാഹനങ്ങളുടെ വിവരങ്ങള്‍ ഇതിനകം പരിവാഹനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവ ഉള്‍പ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇക്കാലയളവില്‍ ടാക്സ്, ഫീസ്, രജിസ്ട്രേഷന്‍, രജിസ്ട്രേഷന്‍ പുതുക്കല്‍, പെര്‍മിറ്റ് പുതുക്കല്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കേണ്ട സേവനങ്ങള്‍ക്ക് നേരത്തെതന്നെ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് മലപ്പുറം റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •