Section

malabari-logo-mobile

ബസില്‍ നിന്നും റോഡില്‍ തെറിച്ച് വീണ 10 വയസ്സുകാരനെ രക്ഷിച്ച് പരപ്പങ്ങാടി സ്വദേശി മാതൃകയായി

HIGHLIGHTS : Parappangadi native rescues 10-year-old boy from bus

പരപ്പനങ്ങാടി: ടൂറിസ്റ്റ് ബസില്‍ നിന്നും പത്തു വയസുകാരന്‍ റോഡില്‍ തെറിച്ചു വീണത് കൂടെയുള്ളവര്‍ അറിഞ്ഞില്ല. നെറ്റി പൊട്ടി ചോരവാര്‍ന്ന കുട്ടി ജിവനു വേണ്ടി റോഡില്‍ കിടന്ന് പിടയുമ്പോഴാണ് അതുവഴി വന്ന ഓട്ടോ ഡ്രൈവറായ ചിറമംഗലം പരിയാപുരത്തെ പള്ളിക്കല്‍ പ്രജീഷിന്റെ ശ്രദ്ദയില്‍പ്പെട്ടത്. ഉടനെ ആശുപത്രിയിലെത്തിച്ച് വിലപ്പെട്ട പിഞ്ചുജീവന്‍ രക്ഷിക്കുകയായിരുന്നു .

പ്രജീഷ് ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോള്‍ ഇക്കഴിഞ്ഞ രണ്ടാം തിയ്യതി അര്‍ദ്ധരാത്രി ഒന്നരക്ക് പരപ്പനങ്ങാടി പയനിങ്ങല്‍ ജംങ്ഷനടുത്താണ് സംഭവം നടന്നത്. സാധാരണ രാത്രി പത്തോടെ പോകുന്ന പ്രജീഷ് ടര്‍ഫില്‍ ഫുടബോള്‍ കളി കണ്ടതാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ തുണയായത്.

sameeksha-malabarinews

വീട്ടിലേക്ക് പോകുന്നതിനിടെ റോഡില്‍ മരിച്ചു കിടക്കുന്ന പോലെ കണ്ട കുട്ടിയെ ആരുംതന്നെ റോഡില്‍ ഇല്ലാത്ത സമയത്ത് ധൈര്യസമേതം തന്റെ ഓട്ടോയില്‍ കയറ്റി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരപ്പനങ്ങാടി പൊലീസിനെ വിവരം അറിയിച്ച് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു.

ഇതിനിടെ ആലപ്പുഴയില്‍ നിന്നും ബസ് യാത്ര തിരിച്ച കുട്ടിയുടെ ബന്ധുക്കള്‍ പറമ്പില്‍പീടികയിലെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. വരുന്ന വഴിയില്‍ ചായ കുടിക്കാന്‍ വേണ്ടി താനൂരില്‍ മാത്രമാണ് ബസ് നിര്‍ത്തിയിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ താനൂരില്‍ എത്തി അന്വേഷിച്ചപ്പോള്‍ അവിടെ കുട്ടിയെ കണ്ടെത്താനായില്ല.

തുടര്‍ന്ന് താനൂര്‍ പൊലീസില്‍ വിവരം അറിയിച്ചപ്പോഴാണ് പരപ്പനങ്ങാടിയില്‍ റോഡില്‍ നിന്നും ഒരു കുട്ടിയെ കിട്ടിയ വിവരം താനൂര്‍ പൊലീസ് ഇവരെ അറിയിക്കുന്നത് .
ഉടനെ പരപ്പനങ്ങാടി പൊലീസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മെഡിക്കല്‍ കോളജില്‍ എത്തുകയും പ്രജീഷിനോട് സംഭവിച്ച കാര്യങ്ങള്‍ ആരായുകയുമായിരുന്നു. അപ്പോഴേക്കും ചോര വാര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ വെന്റിലേറ്ററില്‍ ആക്കിയിരുന്നു. ഇപ്പോള്‍ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട് .

അര്‍ദ്ധരാത്രിയായതിനാല്‍ തന്നെ ഈ സംഭവം സമൂഹം അറിയാതെ പോവുകയായിരുന്നു. പിന്നീട് പ്രജീഷിന്റെ സഹപ്രവര്‍ത്തകന്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച് വോയ്‌സ് അയച്ചതോടെയാണ് ഈ സല്‍പ്രവൃത്തി നാട്ടുകാര്‍ അറിയുന്നത്.

പള്ളിക്കല്‍ വീട്ടിലെ രാമകൃഷ്ണന്‍ ലളിത ദമ്പതികളുടെ മകനാണ് പ്രജീഷ്. മാതാവ് ലളിത കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!