
കോഴിക്കോട് സിറ്റി പരിധിയിലുള്ള പന്തീരങ്കാവ് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. കെട്ടിട നിർമാണത്തിന് 6.1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നുവെങ്കിലും കേരള കോസ്റ്റൽ സോൺ മാനേജ്മെൻ്റ് അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തി ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ചാലിയാറിൻ്റെ തീരത്ത് അറപ്പുഴയിൽ റവന്യൂ വകുപ്പ് അനുവദിച്ച 25 സെൻ്റ് സ്ഥലത്ത് കെട്ടിടം നിർമിക്കാൻ സി.ആർ.സെഡ് ക്ലിയറൻസ് ലഭിച്ചതോടെയാണ് നടപടികൾ പുനരാരംഭിക്കാൻ സാധിച്ചത്. പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉദ്യോഗസ്ഥ സംഘം സൈറ്റ് സന്ദർശിച്ച് പരിശോധന നടത്തി.
നടപടികൾ വിലയിരുത്തുന്നതിനായി കോഴിക്കോട് സിറ്റി പോലീസ് ക്ലബ്ബിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പി.ടി.എ റഹീം എംഎൽഎ അധ്യക്ഷനായി. കോഴിക്കോട് സിറ്റി പോലീസ് കമീഷണർ ടി നാരായണൻ, ഡെപ്യൂട്ടി കമീഷണർ അരുൺ കെ പവിത്രൻ, എ.സി.പിമാരായ ദിനേശ് കോറോത്ത്, എം.എം സിദ്ദീഖ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ശ്രീജയൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ ഉബൈബ, ഡെപ്യൂട്ടി ആർകിടെക്ട് എൻ ഫാസിൽ മുഹമ്മദ്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് സലിൻ, മെമ്പർ പി മിനി, കേരള പോലീസ് അസോസിയേഷൻ പ്രസിഡൻ്റ് ടി രതീഷ് തുടങ്ങിയവർ സംസാരിച്ചു.




