പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിഥുനയ്ക്ക് മര്‍ദനമേറ്റ സംഭവം; 15 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തേഞ്ഞിപ്പലം: ഗ്രാമസഭയ്ക്കിടെ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ മിഥുനയെ മര്‍ദിച്ച സംഭവത്തില്‍ 15 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എടക്കണ്ടി ലത്തീഫ്, യുനൈസ്,യൂനസ്, പവ്വാസ്, ഹമീദ് തുടങ്ങി കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നത്.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മിഥുനയുടെ വാര്‍ഡിലെ ഗ്രാമസഭക്കിടിയൊണ് ആക്രമം നടന്നത്. ജാതിപ്പേര് വിളിച്ച് മിഥുനയെ തള്ളിയിടുകയും ഷാള്‍ വലിച്ചുമാറ്റി നിലത്ത് വലിച്ചിട്ട് ചവിട്ടുകയും വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിക്കുകയും യോഗ മിനുട്‌സ് കീറി നശിപ്പിക്കുകയുമായിരുന്നത്രെ. ക്വാറം തികയാത്തതിനാല്‍ ഗ്രമാസഭ മാറ്റിവെയ്ക്കാമെന്ന് മിഥുന അറിയിച്ചപ്പോള്‍ ലീഗ് നേതാക്കളെ അറിയിക്കാത്തതിനാല്‍ യോഗം മാറ്റിയെന്ന് മിനുട്‌സില്‍ എഴുതണമെന്ന് അക്രമിച്ചവര്‍ വാശിപിടിക്കുകയായിരുന്നെന്നും ഇത് അംഗീകരിക്കാന്‍ മിഥുന തയ്യാറാകാതിരുന്നതോടെയാണ് ആക്രണം നടന്നത്.

സമീപത്ത് കേരളോത്സവ വേദിയില്‍ നിന്ന് എത്തിയ ആളുകളാണ് മിഥുനയെ രക്ഷപ്പെടുത്തിയത്. ഇതെ തുടര്‍ന്ന് മിഥുനയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിലവില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത പഞ്ചായത്ത് പ്രസിഡന്റാണ് മിഥുന. സംവരണ മണ്ഡലത്തില്‍ നിന്നും ലീഗ് പ്രതിനിധിയായാണ് മിഥുന തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പഞ്ചായത്തിലെ ഒരു വികസന പദ്ധതിയുടെ ഉദ്ഘാടനത്തില്‍ മന്ത്രി കെ ടി ജലീലുമായി വേദി പങ്കിട്ടതോടെ മുസ്ലിംലീഗ് മിഥുനയുമായി ഇടയുകയായിരുന്നു. ഈ തര്‍ക്കങ്ങളാണ് ഏറ്റവും ഒടുവില്‍ സംഘര്‍ഷത്തിലും കയ്യേറ്റത്തിലും കലാശിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top