ഓപ്പറേഷന്‍ ഡി ഹണ്ട്; എട്ട് ദിവസംകൊണ്ട് അറസ്റ്റിലായത് 2,854 പേര്‍

HIGHLIGHTS : Operation D-Hunt; 2,854 people arrested in eight days

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നവരെ കണ്ടുപിടിക്കാനായി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 2,854 പേര്‍ അറസ്റ്റിലായി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്നുകള്‍ കൈവശം വെച്ചതിന് 2,762 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. രാജ്യാന്തര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകള്‍ പോലീസ് പിടിച്ചെടുത്തു.

1.312 കി.ഗ്രാം എംഡിഎംഎ, 153.56 കി.ഗ്രാം കഞ്ചാവ്, 18.15 ഗ്രാം ഹാഷിഷ് ഓയില്‍, 1.855 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 48 നൈട്രോസെപാം ഗുളിക, 54 അല്‍പ്രസോലം ഗുളിക, 13.06 ഹെറോയിന്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

sameeksha-malabarinews

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെടുന്നവരെ കണ്ടുപിടിച്ചു കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് സംസ്ഥാനത്തുടനീളം ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്.

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി ഹണ്ട് നടപ്പിലാക്കിയത്. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന വ്യക്തികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കിയും മയക്കുമരുന്ന് കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമായി ബന്ധമുള്ള വ്യക്തികളെയും നിരന്തരം നിരീക്ഷണം നടത്തിയതിന്റെയും അനന്തര നടപടികളുടെ ഭാഗമായാണ് ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!