പത്തനംതിട്ട:പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റു ചെയ്ത മൂന്ന് സഹപാഠികളെയും കസ്റ്റഡിയില്‍ വിട്ടു. അലീന, അഷിത, അഞ്ജന എന്നിവരെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 27 ന് രാവിലെ 11 മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അമ്മു സജീവ് ഈ മാസം 15 നാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്നും മാനസികമായ പീഡനമുണ്ടായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞിരുന്നു. ‘ഐ ക്വിറ്റ്’ എന്ന് അമ്മുവിന്റെ ഡയറിയില്‍ നിന്നും എഴുത്ത് ലഭിച്ചിരുന്നു. ഇതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ ഇത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറിയെഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവിധേയരായ സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തത്.




