നേഴ്‌സുമാര്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു

nurse-newകൊച്ചി : ഇറാഖില്‍ ഐസില്‍ തീവ്രവാദികള്‍ ബന്ധികളാക്കി വിട്ടയച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള നേഴ്‌സുമാരുടെ സംഘം 11.55 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മുംബൈ വിമാനത്താവളത്തില്‍ രാവിലെ 9 മണിക്ക് എത്തിയ വിമാനം അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷം കൊച്ചിയിലേക്ക് പുറപ്പെട്ടു.

നേഴ്‌സുമാര്‍ക്ക് പുറമെ 5 മലയാളി നിര്‍മ്മാണ തൊഴിലാളികളും വിമാനത്തിലുള്ളതായാണ് വിവരം. വിമാനത്തില്‍ ആകെ 183 ഇന്ത്യക്കാരാണ് ഉള്ളത്. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇര്‍ബിലില്‍ നിന്ന് വിമാനം പുറപ്പെട്ടത്. 7 മണിയോടെ വിമാനം നെടുമ്പാശ്ശേരിയില്‍ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇതുപ്രകാരം നേഴ്‌സുമാരുടെ രക്ഷിതാക്കളും ബന്ധുക്കളും പുലര്‍ച്ചെ തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു.

രണ്ട് നയതന്ത്ര പ്രതിനിധികള്‍ നേഴ്‌സുമാര്‍ക്കൊപ്പം വിമാനത്തിലുണ്ട്. കേരളത്തിന്റെ പ്രതിനിധി കേരളഹൗസ് അസി. റസിഡന്റ് കമ്മീഷണല്‍ രജന ഷായാണ് ഇവര്‍ക്കൊപ്പമുള്ളത്.

നേഴ്‌സുമാരുടെ മോചനം സാധ്യമായത് കൂട്ടായ പരിശ്രമത്തിലൂടെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നേഴ്‌സുമാരെ സ്വീകരിക്കാനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും, പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് നേഴ്‌സുമാരെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത്.

ഇറാഖില്‍ നിന്നും മടങ്ങിയെത്തുന്ന നേഴ്‌സുമാര്‍ക്ക് തിരുവനന്തപുരം എസ് യു ടിയില്‍ ജോലി നല്‍കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. നേഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനവുമായി എന്‍എംസി ഗ്രൂപ്പ് ഉടമ ബി ആര്‍ ഷെട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

ഇറാഖിലും പുറത്തുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് നേഴ്‌സുമാരുടെ മോചനം സാധ്യമായതെന്ന് വിദേശകാര്യമന്ത്രാലയം പ്രതേ്യക വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top