ഡ്രൈവിംഗ് ടെസ്റ്റ് കാത്തിരിപ്പിന് വിരാമം: കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരൂരങ്ങാടി: മലപ്പുറം ജില്ലയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടിയുള്ള കാത്തിരിപ്പിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം ഐ പി എസിന്റെ സന്ദര്‍ശനത്തോടെ വിരാമം. തിരൂരങ്ങാടി, തിരൂര്‍ സബ് ആര്‍ടിഒ ഓഫീസില്‍ ഡ്രൈവിംഗ് ടെസ്റ്റിന് കൂടുതല്‍ ബാച്ചുകള്‍ അടിയന്തരമായി അനുവദിച്ചു. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം ഐപിഎസ് പറഞ്ഞു.

അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി മറ്റു ജില്ലകളില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ തിരൂരങ്ങാടി സബ് ആര്‍ ടി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലേണേഴ്‌സ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ടെസ്റ്റ് തീയതിക്കായി കാത്തിരിക്കുന്ന അപേക്ഷകളുടെ എണ്ണം തിരൂരങ്ങാടി, തിരൂര്‍ ഓഫീസുകളില്‍ വളരെയധികം വര്‍ദ്ധിച്ചതിനാല്‍ നിലവിലുള്ള തിനേക്കാള്‍ അധിക ബാച്ചുകള്‍ നല്‍കി. തിരൂരങ്ങാടി നിലവില്‍ രണ്ട് ബാച്ചുകളില്‍ 80 പേര്‍ക്കാണ് ഡ്രൈവിംഗ് ടെസ്റ്റിന് അവസരം ലഭിക്കുന്നത്. എന്നാല്‍ കാത്തുനില്‍ക്കുന്ന അപേക്ഷകളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ ഇതിനൊരു പരിഹാരമാവുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് അധികമായി മൂന്ന് ബാച്ചുകള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനുവദിച്ചത്. തിരൂരില്‍ നാല് ബാച്ചുകള്‍ക്ക് പുറമേ രണ്ടു ബാച്ചുകള്‍ കൂടി അധികം നല്‍കി. മലപ്പുറം, നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഓഫീസുകളില്‍ കൂടുതല്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്.

ആര്‍ ടി ഓഫീസുകളില്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ജില്ലയില്‍ പ്രത്യേക പരിശോധന നടത്തിയത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി തിരൂര്‍ ഉള്‍പ്പെടെ ആര്‍ ടി ഓഫീസുകളില്‍ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷള്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്നതോടെ ഡ്രൈവിംഗ് ടെസ്റ്റിനും ലൈസന്‍സിനുമായി അപേക്ഷിച്ചവര്‍ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥക്കാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സന്ദര്‍ശനത്തോടെ വിരാമമായത്.

ഡ്രൈവിംഗ് ടെസ്റ്റിന് തീയതി ലഭിക്കാത്തതുമൂലം വലിയ തരത്തില്‍ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്ന പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം ഐ പി എസ് ആര്‍ ടി ഓഫീസുകളില്‍ പരിശോധന നടത്തിയത്. കഴിഞ്ഞദിവസം തിരൂരില്‍ എത്തിയ അദ്ദേഹം ഇന്നലെ രാവിലെ തിരൂരങ്ങാടിയില്‍ തുടര്‍ന്ന് മലപ്പുറം സന്ദര്‍ശിച്ചു.
ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം പി ജെയിംസ്.
ജില്ലാ ആര്‍ ടി ഒ ബി. ഷെഫീഖ് എന്നിവരും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കൊപ്പം പരിശോധനക്കെത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top