‘കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരിച്ചു നൽകണം’: ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി

ന്യൂയോർക്ക്: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ അമേരിക്കൻ സന്ദർശനവേളയിൽ, ചരിത്രപ്രസിദ്ധമായ കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി വ്യക്തമാക്കി. സെപ്റ്റംബർ 11 ആക്രമണത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന ചടങ്ങിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ വംശജനായ മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക അജണ്ടയുടെ ഭാഗമല്ലെങ്കിലും, രാജാവുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ടിലെ കൊളോണിയൽ അധിനിവേശത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് കൊണ്ടുപോയതാണ് 105.6 കാരറ്റ് രത്‌നമാണ് കോഹിനൂർ. 14-ാം നൂറ്റാണ്ടിൽ കൊല്ലൂർ ഖനിയിൽ നിന്നും കണ്ടെടുത്ത ഈ രത്‌നം സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാർ ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു.1849-ലെ ലാഹോർ ഉടമ്പടി പ്രകാരമാണ് വജ്രം കൈമാറ്റം ചെയ്യപ്പെട്ടതെന്നാണ് ബ്രിട്ടന്റെ വാദമെങ്കിലും, അന്ന് ബാലനായിരുന്ന മഹാരാജ ദുലീപ് സിങ്ങിനെ ഭീഷണിപ്പെടുത്തിയാണ് ഇത് സ്വന്തമാക്കിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ വജ്രം തിരികെ വേണമെന്ന ആവശ്യം രാജ്യം ദീർഘകാലമായി ഉന്നയിച്ചുവരികയാണ്.

നിലവിൽ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിൽ പതിപ്പിച്ചിരിക്കുന്ന കോഹിനൂർ, ലണ്ടൻ ടവറിലാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. മുഗൾ ചക്രവർത്തിമാർ മുതൽ പേർഷ്യൻ, അഫ്ഗാൻ ഭരണാധികാരികളുടെ വരെ കൈകളിലൂടെ കടന്നുപോയ ഈ വജ്രം കൊളോണിയൽ ചൂഷണത്തിന്റെ പ്രതീകമായാണ് ഇന്ത്യ കാണുന്നത്. എന്നാൽ, നിയമപരമായ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന നിലപാടിൽ ബ്രിട്ടൻ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

ന്യൂയോർക്കിലെ സ്മാരകത്തിൽ വെച്ച് മംദാനിയും ചാൾസ് രാജാവും കൂടിക്കാഴ്ച നടത്തിയെങ്കിലും, കോഹിനൂർ വിഷയം ചർച്ചയായെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top