തിരൂരില്‍ നടക്കുന്ന പ്രഭാത സദസ്സോടെ തുടക്കം
മന്ത്രിസഭയൊന്നാകെ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുകയും ചെയ്യുന്ന മണ്ഡലംതല നവകേരള സദസ്സുകള്‍ക്ക് നവംബര്‍ 27ന് മലപ്പുറം ജില്ലയില്‍ തുടക്കമാകും. തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണായ തിരൂരില്‍ നടക്കുന്ന പ്രഭാത സദസ്സോടെയാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ജില്ലയിലെ പര്യടനത്തിന് സമാരംഭം കുറിക്കുന്നത്. തിരൂര്‍ ബിയാന്‍കോ കാസിലില്‍ രാവിലെ ഒമ്പതിനാണ് പ്രഭാത സദസ്സ്. തുടര്‍ന്ന് പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം വൈകീട്ട് 4.30ന് തിരൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടക്കും. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഉച്ചയ്ക്ക് 12 മുതല്‍ തന്നെ പരാതികള്‍ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകള്‍ തുറക്കും. കൂടാതെ കേരളോത്സവ വിജയികളുടെതുള്‍പ്പടെ വിവിധ കലാപരിപാടികളും അരങ്ങേറും. നവകേരള സദസ്സ് പൂര്‍ത്തിയാക്കി വൈകീട്ട് ആറിന് ബബിള്‍ ഷോയും അലോഷിയുടെ പാട്ടുകളും വേദിയെ ധന്യമാക്കും.
ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും താലൂക്ക് തല അദാലത്തുകള്‍, മേഖലാ അവലോകന യോഗങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ഘട്ടമായാണ് നിയോജക മണ്ഡലംതല നവകേരള സദസ്സുകള്‍. നവകേരള സദസ്സുകളുടെ ഭാഗമായി വിവിധ മണ്ഡലങ്ങളെ സംയോജിപ്പിച്ച് തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ കേന്ദ്രമാക്കി നടത്തുന്ന പ്രഭാത സദസ്സുകളില്‍ സമൂഹത്തിന്റെ വിവിധ വിഭാഗം ജനങ്ങളെ പ്രതിനിധീകരിച്ചെത്തുന്നവര്‍ക്ക് അവരുടെ വികസന സങ്കല്‍പ്പങ്ങള്‍ അവതരിപ്പിക്കാനും മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും സംവദിക്കാനും അവസരം ലഭിക്കും.
ആയിരത്തോളം വീട്ടുമുറ്റ സദസ്സുകള്‍
തിരൂര്‍ നഗരസഭയും തലക്കാട്, വെട്ടം, ആതവനാട്, തിരുന്നാവായ, കല്‍പ്പകഞ്ചേരി, വളവന്നൂര്‍ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന തിരൂര്‍ മണ്ഡലത്തില്‍ ഡിവിഷന്‍, വാര്‍ഡ് തലങ്ങളിലായി ആയിരത്തോളം വീട്ടുമുറ്റ സദസ്സുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ചേര്‍ന്നത്. വീട്ടമ്മമാര്‍ ഉള്‍പ്പടെ നാനാവിഭാഗം ജനങ്ങളെയും നവകേരളത്തിനായുള്ള പാതയില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം കണ്ണികളാക്കുന്ന തരത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. വീട്ടുമുറ്റ സദസ്സുകളില്‍ നിന്നുയര്‍ന്നുവന്ന ആശയങ്ങളും ഒപ്പം ആവശ്യങ്ങളും നവകേരള സദസ്സില്‍ മന്ത്രിസഭയുടെ പരിഗണനയിലുണ്ടാകും.
പ്രഭാത സദസ്സ്
വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ച് പ്രത്യേകം ക്ഷണിതാക്കളായി എത്തുന്നവരാണ് പ്രഭാത സദസ്സുകളില്‍ പങ്കെടുക്കുക. നവംബര്‍ 27ന് തിരൂര്‍ ബിയാന്‍കോ കാസിലില്‍ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സില്‍ തിരൂര്‍, തവനൂര്‍, പൊന്നാനി, താനൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വ്യക്തികള്‍, അതത് മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, അവാര്‍ഡ് ജേതാക്കള്‍, മഹിളാ-യുവജന-വിദ്യാര്‍ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, കലാ-സാംസ്‌കാരിക രംഗം ഉള്‍പ്പടെ വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേകം സൗകര്യം
നവകേരള സദസ്സില്‍ പരാതികള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകളാണ് ഒരുക്കുന്നത്. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വിഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും. ഉച്ചയ്ക്ക് 12 മുതല്‍ തന്നെ പരാതികള്‍ സ്വീകരിച്ച് തുടങ്ങും. പൊതുപരിപാടികള്‍ അവസാനിച്ചാലും മുഴുവന്‍ പരാതികളും സ്വീകരിക്കുന്നത് വരെ കൗണ്ടറുകള്‍ തുറന്നിരിക്കും. പരാതി നല്‍കുന്നവര്‍ പൂര്‍ണമായ മേല്‍വിലാസം, ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ എന്നിവ നല്‍കിയിരിക്കണം. പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന കൈപ്പറ്റ് രസീത് ഉപയോഗിച്ചാണ് പരാതിയിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ അറിയാനാവുക. ലഭിക്കുന്ന പരാതികള്‍ കളക്റേറ്റില്‍ എത്തിച്ച് ഡാറ്റാ എന്‍ട്രി നടത്തിയ ശേഷം ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല മേധാവികള്‍ക്ക് പോര്‍ട്ടല്‍ വഴി കൈമാറും. പ്രാദേശിക തലത്തില്‍ തീര്‍പ്പാക്കേണ്ട പരാതികള്‍ രണ്ടാഴ്ചക്കുള്ളിലും സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ 45 ദിവസത്തിനകവും തീര്‍പ്പാക്കും. കൂടുതല്‍ നടപടിക്രമങ്ങള്‍ ആവശ്യമുള്ള സാഹചര്യങ്ങളില്‍ പരാതിക്കാരന് ഒരാഴ്ചക്കകം ഇടക്കാല മറുപടിയും ലഭ്യമാക്കും. നിവേദനങ്ങളുടെയും പരാതികളുടെയും തല്‍സ്ഥിതി www.navakeralasadas.kerala.gov.in എന്ന വൈബ്സൈറ്റിലൂടെ ലഭിക്കും.
ഘോഷയാത്രയോടെ തുടക്കം
നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഘോഷയാത്ര നവംബര്‍ 24ന് വൈകീട്ട് മൂന്നിന് കോരങ്ങത്ത് ഇ.എം.എസ് സാംസ്‌കാരിക സമുച്ചയത്തില്‍ നിന്നും ആരംഭിക്കും. വിദ്യാര്‍ഥികള്‍, അങ്കണവാടി, ഐ.സി.ഡി.എസ്, ആശാ പ്രവര്‍ത്തകര്‍, യുവജന ക്ലബ്ബുകള്‍, പഞ്ചായത്തുകള്‍ എന്നിവര്‍ ഒരുക്കുന്ന വിവിധ പ്ലോട്ടുകള്‍ അണിനിരക്കുന്ന ഘോഷയാത്ര താഴെപ്പാലം ചുറ്റി വാഗണ്‍ ട്രാജഡി ടൗണ്‍ഹാളില്‍ സമാപിക്കും. തുടര്‍ന്ന് ടൗണ്‍ ഹാളിലെ വീഡിയോ വാളില്‍ വികസന നേട്ടങ്ങളുടെ പ്രദര്‍ശനം വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. നവംബര്‍ 26 വരെ ടൗണ്‍ഹാള്‍ പരിസരത്തെ ഈ പ്രദര്‍ശനങ്ങളും കലാപരിപാടികളും തുടരും. ഇതുകൂടാതെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, നാടന്‍ പാട്ട് മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
നവകേരള ഫിലിം ഫെസ്റ്റിവല്‍
നവകേരള സദസ്സിന്റെ ഭാഗമായി നവംബര്‍ 24 മുതല്‍ 26 വരെ വൈകീട്ട് 7.15 ന് ടൗണ്‍ഹാള്‍ പരിസരത്ത് ജ്വാല ഫിലിം സൊസൈറ്റി ഒരുക്കുന്ന നവകേരള ഫിലിം ഫെസ്റ്റിവല്‍ നടക്കും. ഫലസ്തീന്‍ സംവിധായിക ഡാറിന്‍ ജെ. സല്ലം സംവിധാനം ചെയ്ത ‘ഫര്‍ഹ’ 24ന് പ്രദര്‍ശിപ്പിക്കും. ടി.പി സുബ്രഹ്‌മണ്യന്‍ ആമുഖ സംഭാഷണം നടത്തും. 25ന് കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മമ്മൂട്ടി, ഉര്‍വശി എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച ‘മറ്റൊരാള്‍’ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിന് മുന്നോടിയായുള്ള കെ.ജി ജോര്‍ജ് അനുസ്മരണ ഭാഷണം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല മലയാളം വിഭാഗം അസി. പ്രൊഫസര്‍ ഡോ. സ്മിത നിര്‍വ്വഹിക്കും. 26ന് ഇറ്റാലിയന്‍ നടനും സംവിധായകനുമായ റോബര്‍ട്ടോ ബെനിഗ്‌നിയുടെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ സിനിമ പ്രദര്‍ശിപ്പിക്കും. വി.പി ഉണ്ണികൃഷ്ണന്‍ ആമുഖ ഭാഷണം നടത്തും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




