നവരാത്രി പൂജ; വിഗ്രഹ ഘോഷയാത്രയ്ക്ക് തുടക്കമായി

HIGHLIGHTS : Navratri Puja; Idol procession begins

തിരുവനന്തപുരം: നവരാത്രി പൂജയുമായി ബന്ധപ്പെട്ട് പത്മനാഭപുരത്ത് നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് മുന്നോടിയായുള്ള ഉടവാള്‍ കൈമാറ്റം പത്മനാഭപുരം കൊട്ടാരത്തിലെ ഉപരിക മാളികയില്‍ നടന്നു. ഉപരിക മാളികയില്‍ പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിച്ച ഉടവാള്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശനില്‍ നിന്നും പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്വീകരിച്ചു. തുടര്‍ന്ന് തമിഴ്നാട് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജും കന്യാകുമാരി എം പി വിജയ് വസന്തും വാള്‍ ഏറ്റുവാങ്ങിയതിനു ശേഷം ആചാരപ്രകാരം തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജാന്‍സി റാണിക്ക് കൈമാറി. എംഎല്‍എ മാരായ സി.കെ ഹരീന്ദ്രന്‍, എ വിന്‍സന്റ്, കന്യാകുമാരി ജില്ലാ കളക്ടര്‍ ആര്‍ അളഗമീന, സബ്കളക്ടര്‍ വിനയ് കുമാര്‍ മീണ, കന്യാകുമാരി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രഭാരാമകൃഷ്ണന്‍, തിരുവിതാംകൂര്‍ കൊട്ടാരം പ്രതിനിധി രാജരാജ വര്‍മ്മ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

കേരള, തമിഴ്‌നാട് സായുധ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒന്‍പതോടെ തേവാരക്കെട്ട് സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തേറി ഘോഷയാത്രയായി പുറത്തേക്ക് എഴുന്നള്ളി. തൊട്ടുപിന്നാലെ അലങ്കരിച്ച ഇരുപല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും ശുചീന്ദ്രം മുന്നൂറ്റി നങ്കയും നീങ്ങി. രാത്രിയോടെ കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ എത്തുന്ന വിഗ്രഹങ്ങള്‍ അവിടെ ഇറക്കി പൂജ നടത്തും. അടുത്ത ദിവസം (സെപ്റ്റംബര്‍ 21) ഉച്ചയ്ക്ക് 12ന് കളിയിക്കാവിളയില്‍ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതര്‍ ചേര്‍ന്ന് സ്വീകരിക്കും. പാറശാല മഹാദേവ ക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ ഇറക്കി പൂജ നടത്തും. തുടര്‍ന്ന് ഘോഷയാത്ര നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തും.

ഘോഷയാത്ര 22 ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്നതോടെ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങും. സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ എത്തുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ ഏറ്റുവാങ്ങി ആചാരപ്രകാരം വരവേല്‍ക്കും. പദ്മതീര്‍ഥത്തിലെ ആറാട്ടിനുശേഷം നവരാത്രി മണ്ഡപത്തില്‍ സരസ്വതിദേവിയെ ഒക്ടോബര്‍ 4 വരെ പൂജയ്ക്കിരുത്തും. കരമന മുതല്‍ വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിക്കുന്ന കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.

നവരാത്രി പൂജക്ക് ശേഷം ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം മൂന്ന് വിഗ്രഹങ്ങളും തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!