എമ്പുരാനു മുന്‍പ് മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജിന്റെ സിനിമ; ‘ബ്രോ ഡാഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനു മുന്‍പ് പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൃഥ്വി തന്നെയാണ് പങ്കുവച്ചത്.

ചിത്രം ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി ഡ്രാമയാണെന്ന് പൃഥ്വി കുറിച്ചു. പുതുമുഖങ്ങളായ ശ്രീജിത്ത് എന്‍, ബിപിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ സിനിമയില്‍ അഭിനയിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ക്യാമറ ചലിപ്പിക്കും. ദീപക് ദേവാണ് സംഗീത, അഖിലേഷ് മോഹനന്‍ എഡിറ്റര്‍.

അതേസമയം, മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററില്‍ തന്നെ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. കേരളത്തിലെ മുഴുവന്‍ തീയറ്ററുകളിലും റിലീസ് ചെയ്യാനാണ് തീരുമാനം. ഈ സമയം മറ്റ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകില്ല. വമ്പന്‍ റിലീസിലൂടെ സിനിമ വ്യവസായത്തെ ഉണര്‍ത്താനാണ് ശ്രമം. നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ ഉയരുന്ന കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം മാറ്റുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top