ഉണ്ണിയാലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

ഹാര്‍ബറുകള്‍ നവീകരിച്ചും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയും മത്സ്യബന്ധന മേഖല ആധുനികവല്‍ക്കരിക്കുമെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. താനൂര്‍ ഉണ്ണിയാലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിഷറീസ് വകുപ്പില്‍ നിന്നും 30 സെന്റ് വസ്തു ലഭ്യമാക്കി അതില്‍ കെട്ടിട സമുച്ചയം നിര്‍മിച്ച് 16 കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ കഴിയുന്ന നാല് കെട്ടിട സമുച്ചയങ്ങളാണ് തുറമുഖ എഞ്ചിനീയറിങ് വകുപ്പ് മുഖേന പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉണ്ണിയാലില്‍ നിര്‍മിക്കുന്നത്. 540 ചതുരശ്ര അടി വിസ്തീര്‍ണമാണുള്ളത്. ഓരോ യൂണിറ്റിലും രണ്ട് കിടപ്പ് മുറി, ഒരു ഹാള്‍, അടുക്കള, ശൌചാലയം എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും.16 ഫ്‌ലാറ്റുകളുടെ നിര്‍മാണത്തിന് 199 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

പുനരധിവാസത്തിനായി സര്‍ക്കാര്‍ 2450 കോടി രൂപയുടെ പുനര്‍ഗേഹം പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. തീരദേശത്ത് രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ളിടത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ കുടുംബങ്ങളേയും സുരക്ഷിത മേഖലയില്‍ ഭവനമൊരുക്കി പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ 21219 കുടുംബങ്ങള്‍ ഇത്തരത്തില്‍ തീരദേശത്ത് അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 8675 കുടുംബങ്ങള്‍ സുരക്ഷിത മേഖലയിലേയ്ക്ക് മാറിതാമസിക്കുവാന്‍ സന്നദ്ധത അറിയിച്ചു. ഇവര്‍ക്ക് സ്വന്തം നിലയില്‍ രണ്ട് മുതല്‍ മൂന്ന് സെന്റ് വരെ ഭൂമി വാങ്ങി ഭവനം നിര്‍മിക്കുവാനും ഭൂമിയും വീടും ഒരുമിച്ച് വാങ്ങുവാനും ഗ്രൂപ്പുകളായി ഭൂമി കണ്ടെത്തി ഫ്ളാറ്റ് നിര്‍മിക്കുവാനും സഹായം നല്‍കും. ഒരു കുടുംബത്തിന് ഇതിനായി പരമാവധി 10 ലക്ഷം രൂപയാണ് ധനസഹായം. ഫിഷറീസ് വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ ഭൂമി ഏറ്റെടുത്തും ഫ്ളാറ്റുകള്‍ നിര്‍മിച്ച് പുനരധിവസിപ്പിച്ചു വരുന്നു. ഫ്ളാറ്റുകളിലേയ്ക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാകലക്ടര്‍ ചെയര്‍മാനും ജനപ്രതിനിധികള്‍ അംഗങ്ങളുമായ സുതാര്യ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.

മാറിതാമസിക്കുന്നതിന് സമ്മതം അറിയിച്ചിട്ടുള്ള 8675 പേരില്‍ 3568 പേര്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തുകയും 2913 പേര്‍ ഭൂമി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഭവന നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ 1682 ഗുണഭോക്താക്കള്‍ ഭവനം പൂര്‍ത്തീകരിച്ചിട്ടുമുണ്ട്. മലപ്പുറം ജില്ലയില്‍ 1806 കുടുംബങ്ങളാണ് 50 മീറ്റര്‍ പരിധിയില്‍ അധിവസിക്കുന്നത്. മാറിതാമസിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുള്ള 1175 കുടുംബങ്ങളില്‍ 396 പേര്‍ ഭൂമി കണ്ടെത്തുകയും 262 പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുകയും 134 പേര്‍ സുരക്ഷിത മേഖലയിലേയ്ക്ക് മാറി താമസിക്കുകയും ചെയ്തിട്ടുണ്ട്. 128 കുടുംബങ്ങളെ പൊന്നാനിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചും പുനരധിവസിപ്പിച്ചിട്ടുണ്ട്.

പുനര്‍ഗേഹം പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ കാരോട് 128 ഉം, ബീമാപള്ളിയില്‍ 20 ഉം, മലപ്പുറം ജില്ലയില്‍ പൊന്നാനിയില്‍ 128 ഉം കൊല്ലം ജില്ലയില്‍ ക്യൂഎസ്എസ് കോളനിയില്‍ 114 ഉം ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടെ 390 ഫ്‌ലാറ്റുകള്‍ ഇതിനകം ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. പുനര്‍ഗേഹം പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിലെ മണ്ണുംപുറത്ത് 228 ഫ്‌ലാറ്റുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കാരോട് (24), വലിയതുറ (192), മലപ്പുറം ജില്ലയിലെ പൊന്നാനി (100), ഉണ്ണിയാല്‍ (16), കോഴിക്കോട് ജില്ലയിലെ വെസ്റ്റ്ഹില്‍ (80), കാസര്‍ഗോഡ് ജില്ലയിലെ കോയിപ്പാടി (144) എന്നിവിടങ്ങളിലായി 556 ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറയിലും വേളിയിലുമായി 10 ഏക്കര്‍ ഭൂമി ലഭ്യമാക്കി 700 ഓളം ഫ്‌ലാറ്റുകളുടെ നിര്‍മാണാനുമതിക്കുള്ള നടപടിയും പുരോഗമിക്കുന്നു.

ചടങ്ങില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. പി.നന്ദകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി പി സൈതലവി,നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ഫാത്തിമ, ഉത്തരമേഖല ഹാര്‍ബര്‍ എഞ്ചിനീയറിങ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ കുഞ്ഞി മമ്മു പറവത്ത്, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എന്‍. എസ് ശ്രീലു, ഹാര്‍ബര്‍ ചീഫ് എന്‍ജിനീയര്‍ ജോമോന്‍ കെ ജോര്‍ജ്, , വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.ടി ശശി,റഫീഖ് മീനടത്തൂര്‍, ഓ രാജന്‍, ജനചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എസ് സന്തോഷ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top