വിലങ്ങാട് പ്രായോഗികവും ഫലപ്രദവും വേഗത്തില്‍ നടത്താന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണനയെന്ന് മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്:ഉരുള്‍പൊട്ടി വലിയതോതില്‍ തകര്‍ച്ച നേരിട്ട വിലങ്ങാട് പ്രദേശത്ത്
ഏറ്റവും പ്രായോഗികവും ഫലപ്രദവും വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകും സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.

വെള്ളിയാഴ്ച രാവിലെ വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം നാല് മന്ത്രിമാര്‍ വിലങ്ങാട് സന്ദര്‍ശിച്ചു. ഇവിടെയുണ്ടായ കനത്ത ആഘാതവും ദുരിതങ്ങളും ചര്‍ച്ച ചെയ്തു. പുനരധിവാസത്തെക്കുറിച്ച് ഔദ്യോഗികമായി ചര്‍ച്ച തുടങ്ങുന്ന ഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ കൂടി അഭിപ്രായം കേട്ട് എങ്ങനെ ചെയ്യാം എന്ന് തീരുമാനിക്കും. ഉരുള്‍പൊട്ടിയ മേഖലയില്‍ നടക്കുന്ന ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും പുനരധിവാസം തയ്യാറാക്കുകയെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

ഭാഗ്യം കൊണ്ട് പ്രദേശത്ത് ഗുരുതര ആള്‍നാശം ഉണ്ടായിട്ടില്ല. പക്ഷെ, ആ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായി. സ്‌കൂളിലെ ക്യാമ്പില്‍ നിന്ന് ആളുകളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റും. സ്‌കൂളില്‍ ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ക്ലാസ്സുകള്‍ തുടങ്ങേണ്ടതുണ്ട്.

നാശനഷ്ടങ്ങള്‍ നേരിട്ട ആളുകളുടെ പ്രയാസം പരിഹരിക്കുക എന്നതാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എന്തൊക്കെ നഷ്ടങ്ങളുണ്ടായി എന്നതിന്റെ വിശദ കണക്കുകള്‍ റവന്യു വിഭാഗം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രായോഗികവും ഫലപ്രദവും പെട്ടെന്ന് നടപ്പാക്കാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകും സര്‍ക്കാര്‍ മുന്നോട്ടു പോവുക, മന്ത്രി വിശദീകരിച്ചു.

ദുരന്തബാധിതരെ കണ്ട മന്ത്രി ശശീന്ദ്രന്‍ അവരുടെ പരാതികളും ദുരിതങ്ങളും നേരില്‍ കേട്ടു. ദുരന്തത്തില്‍ മരണപ്പെട്ട കുളത്തിങ്കല്‍ മാത്യുവിന്റെ വീടും മന്ത്രി സന്ദര്‍ശിച്ചു. ഇ കെ വിജയന്‍ എംഎല്‍എ, വടകര ആര്‍ഡിഒ പി അന്‍വര്‍ സാദത്ത്, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

Share news
error: Content is protected !!
Scroll to Top