Section

malabari-logo-mobile

അറഫയിലലിഞ്ഞ് ജനലക്ഷങ്ങള്‍; ഹാജിമാര്‍ മുസദലിഫയിലേക്ക്

HIGHLIGHTS : Millions of people in Arafat; Pilgrims to Musdalifa

റിയാദ്: ഖലീലുല്ലാഹി ഇബ്‌റാഹീം നബിയുടെയും പ്രിയ പുത്രന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി പുതുക്കി ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തിയ 20 ലക്ഷത്തിലേറെ ഹജ്ജ് തീര്‍ഥാടകര്‍ ഇന്ന് അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ പാദസ്പര്‍ശനം കൊണ്ട് അനുഗ്രഹീതമായ അറഫയില്‍ സംഗമിച്ചു. ലോകത്തിലെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനത്ത് ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു ഹജ്ജിന്റെ പരമപ്രധാന ചടങ്ങാണ് അറഫാ സംഗമം. ലോക മുസ്ലീങ്ങളുടെ പ്രതിനിധികളായാണ് തീര്‍ഥാടകര്‍ അറഫയില്‍ ഒരുമിച്ചുകൂടുന്നത്. സൂര്യാസ്ഥമയത്തോടെ ഹാജിമാര്‍ അറഫയില്‍നിന്നു 10 കിലോമീറ്റര്‍ അകലെയുള്ള മുസ്തദലിഫയിലേക്ക് നീങ്ങി. ഇന്ന് ഹാജിമാര്‍ അവിടെ രാപ്പാര്‍ക്കും. രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലര്‍ച്ചെ ജംറയില്‍ പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അര്‍ദ്ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക.

നമിറാ പള്ളിയില്‍ ശനിയാഴ്ച ഉച്ചക്ക് അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ചത്. വെള്ളിയാഴ്ച്ച രാത്രി തന്നെ ലോകത്തിന്റെ നാനാദിക്കില്‍ നിന്നെത്തി മിനാ താഴ്വരയില്‍ തങ്ങിയ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു. മധ്യാഹ്നം മുതല്‍ സൂര്യാസ്തമനം വരെയാണ് അറഫയില്‍ ഹാജിമാര്‍ സമ്മേളിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി ഹജ്ജ് വേളയില്‍ നടത്തിയ ചരിത്ര പ്രാധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ് മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം.

sameeksha-malabarinews

മുതിര്‍ന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് ഇത്തവണ അറഫ പ്രഭാഷണം നിര്‍വഹിച്ചത്.
ഹജ്ജ് എന്നത് വിശ്വാസിയുടെ ആത്മാര്‍ത്ഥത തന്റെ റബ്ബിന് മുമ്പില്‍ പ്രകടമാകാനുള്ള അവസരമാണെന്നും, രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള സ്ഥലമല്ലന്നും അദ്ദേഹം വ്യക്തമാക്കി. മലയാളമുള്‍പ്പടെ 50 ലോക ഭാഷകളില്‍ ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടു. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി ഒരുമിച്ച് നമസ്‌കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവസ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ തങ്ങി. ഇത്തവണ ഫലസ്തീന്‍ ഉള്‍പ്പടെ നീറുന്ന പ്രശനങ്ങള്‍ വിശ്വാസികളുടെ പ്രാര്‍ഥനകളില്‍ ഇടംപിടിച്ചു.

വെളിയാഴ്ച രാത്രി മുതല്‍ അറഫയിലേക്ക് ആരംഭിച്ച തീര്‍ഥാടക പ്രവാഹം ശനിയാഴ്ച ഉച്ചവരെ നീണ്ടു. ഈ സമയം വ്രതമെടുക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഹജ്ജിനോട് ഐക്യപ്പെടുകയാണ്. മനമുരുകുന്ന പ്രാര്‍ഥനയുടേതാണ് ഈ ദിനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!