Section

malabari-logo-mobile

സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലില്‍ കേരളത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണനയില്‍;കേന്ദ്ര ഫിഷറീസ് സെക്രട്ടറിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി

HIGHLIGHTS : തിരുവനന്തപുരം: കേന്ദ്ര ഫിഷറീസ് വകുപ്പ് തയ്യാറാക്കുന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിന് കേരളം സമര്‍പ്പിച്ച നാല്‍പ്പത്തിമൂന്ന് നിര്‍ദേശങ്ങള്‍ സജ...

തിരുവനന്തപുരം: കേന്ദ്ര ഫിഷറീസ് വകുപ്പ് തയ്യാറാക്കുന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിന് കേരളം സമര്‍പ്പിച്ച നാല്‍പ്പത്തിമൂന്ന് നിര്‍ദേശങ്ങള്‍ സജീവപരിഗണനയിലാണെന്നും ബില്ലിനുള്ള അടിത്തറയായി അതുമാറുമെന്നും കേന്ദ്ര ഫിഷറീസ് സെക്രട്ടറി രജനി.എസ്. സിബല്‍ പറഞ്ഞു.

കേന്ദ്ര ബില്ല് തയ്യാറാക്കുന്നതിനു മുന്നോടിയായി കേരളം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുമായി ചര്‍ച്ച ചെയ്യുകയായിരുന്നു സെക്രട്ടറി. നാല്‍പ്പത്തിയെട്ട് നിര്‍ദേശങ്ങളാണ് ബില്ല് തയ്യാറാക്കുന്നതിനായി ഫിഷറീസ് വകുപ്പ് സമര്‍പ്പിച്ചത്.
തീരദേശ സംസ്ഥാനങ്ങള്‍ക്ക് സമുദ്ര മത്സ്യബന്ധന നയം ഉണ്ടെങ്കിലും ആദ്യമായി നിയമം കൊണ്ടുവന്നത് കേരളമാണ്. കേരളത്തിന്റെ സമുദ്ര മത്സ്യബന്ധന നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയവയാണ് കേരളത്തിന്റെ നിര്‍ദേശങ്ങളെന്ന് സെക്രട്ടറി പറഞ്ഞു.

sameeksha-malabarinews

ഫിഷറീസ് മേഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് തീര്‍പ്പവകാശിയായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം, ഉത്തരവാദിത്വ മത്സ്യബന്ധനത്തിനുള്ള നിബന്ധനകള്‍, സമുദ്ര സംരക്ഷണത്തിനും പരിപാലനത്തിനും ആവശ്യമായ നടപടികള്‍, പ്രകൃതിയ്ക്ക് കോട്ടം തട്ടാതെയുള്ള സുസ്ഥിരമായ മത്സ്യബന്ധനം, മത്സ്യബന്ധന യാനങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നല്‍കാനുള്ള സംസ്ഥാനങ്ങളുടെ അധികാര സംരക്ഷണം, വിദേശ മത്സ്യബന്ധന യാനങ്ങളുടെ ലൈസന്‍സ് റദ്ദാക്കല്‍, തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് സജ്ജമാക്കല്‍, ലൈസന്‍സ് രജിസ്ട്രേഷന്‍ ഫീസുകളും നിയമലംഘനത്തിനുള്ള പിഴകളും ഇന്ത്യയിലുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ ബാധകമാക്കല്‍, ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം ഇന്ത്യ ഒട്ടാകെ നടപ്പാക്കല്‍, വംശനാശ ഭീഷണി നേരിടുന്ന സമുദ്രജീവികളുടെ സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, മത്സ്യബന്ധനയാനങ്ങളുടെ കാലോചിതമായ പരിഷ്‌കരണങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നീ വിഷയങ്ങളില്‍ കേരളം സമര്‍പ്പിച്ച നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.
സംസ്ഥാനത്തെ തുറമുഖങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും, മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിയ്ക്ക് കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുക കാലതാമസം കൂടാതെ ലഭിക്കുന്നതിനും, ശുചിത്വസാഗരം പദ്ധതി സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്ക് വ്യാപിപിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നുള്ള മന്ത്രിയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജ്യോതിലാല്‍, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷേക്ക് പരീത്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍ പി.കെ, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സന്ധ്യ. ആര്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹരോല്‍ഡ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!